‘അഭിമന്യുവിന്റെ അമ്മയുടെ രോദനം ആര് കേട്ടു?’; കൊന്നവര്‍ എവിടെയെന്ന് സന്തോഷ് കീഴാറ്റൂര്‍
അഭിമന്യുവിന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തിലും മുഴുവന്‍ പ്രതികളേയും പിടികൂടാത്ത സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐഎം സഹയാത്രികന്‍ സന്തോഷ് കീഴാറ്റൂര്‍. അഭിമന്യുവിന്റെ അമ്മയുടെ രോദനം ആരാണ് കേട്ടതെന്ന് നാടക-ചലച്ചിത്ര നടന്‍ ചോദിച്ചു. കൊന്നവര്‍ എവിടെയെന്നും അവര്‍ക്ക് ശിക്ഷ കിട്ടിയോ എന്നും സന്തോഷ് കീഴാറ്റൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
നാന്‍ പെറ്റ മകനെ.. എന്‍ കിളിയെ..അമ്മയുടെ രോദനം ആര് കേട്ടു??? കൊന്നവര്‍ എവിടെ? ശിക്ഷ കിട്ടിയോ?
സന്തോഷ് കീഴാറ്റൂര്‍
കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ സമരം ചെയ്ത സമയത്ത് എതിര്‍ചേരിയില്‍ സിപിഐഎം നിലപാടിനൊപ്പമായിരുന്നു സന്തോഷ്.
അഭിമന്യുവിന്റെ കൊലപാതകത്തില്‍ 16 പ്രതികളെ ഉള്‍പ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും രണ്ട് പേരെ ഇനിയും പിടികൂടിയിട്ടില്ല. അഭിമന്യുവിനെ കുത്തിയ പനങ്ങാട് സ്വദേശി, സഹല്‍ സുഹൃത്ത് അര്‍ജുനെ കുത്തി മാരക പരുക്കേല്‍പിച്ച ഷഹീം എന്നിവരെയാണ് ഒരു വര്‍ഷത്തിന് ശേഷവും പൊലീസിന് നിയമത്തിന് മുന്നില്‍ ഹാജരാക്കാന്‍ കഴിയാതെ പോയത്.
എല്ലാ പ്രതികളെയും ഉടന്‍ പിടികൂടിയില്ലെങ്കില്‍ കോടതിക്കു മുന്നില്‍ ജീവനൊടുക്കുമെന്ന് അഭിമന്യുവിന്റെ മാതാപിതാക്കള്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
2018 ജൂലൈ 2 ന് പുലര്‍ച്ചെയാണ് മഹാരാജാസില്‍ വെച്ച് ക്യാംപസ്ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരുടെ കുത്തേറ്റ് അഭിമന്യു മരിച്ചത്. കേസിന്റെ വിചാരണ ഇന്നത്തേക്ക് മാറ്റിയിരുന്നു. കേസില്‍ ആകെ 27 പ്രതികളാണുള്ളത്. എന്നാല്‍ 20 പേരാണ് പിടിയിലായത്. 7 പേര്‍ക്ക് വേണ്ടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ നിലവിലുണ്ട്. 5 പേര്‍ക്ക് കോടതി ജാമ്യം നല്‍കി. കേസില്‍ ആദ്യഘട്ട കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ 16 പ്രതികളില്‍ ഒന്‍പത് പേരുടെ വിചാരണയാണ് വൈകാതെ ആരംഭിക്കുന്നത്. 9 പേര്‍ നേരിട്ടും ബാക്കിയുള്ളവര്‍ അല്ലാതെയും കുറ്റകൃത്യത്തില്‍ പങ്കാളികളായവരാണ്.