ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് പേജര്‍ ആക്രമണം നടത്തിയത് ഹമാസ്? പുതിയ ആക്രമണതന്ത്രം എങ്ങനെ?

ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് പേജര്‍ ആക്രമണം നടത്തിയത് ഹമാസ്? പുതിയ ആക്രമണതന്ത്രം എങ്ങനെ?
Published on

സെപ്റ്റംബര്‍ 17 ചൊവ്വാഴ്ച ലെബനീസ് സായുധ സംഘടനയായ ഹിസ്ബുള്ള ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജറുകള്‍ ഒരേ സമയം പൊട്ടിത്തെറിച്ച് 9 പേര്‍ മരിക്കുന്നു. 2800 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സമയം വൈകിട്ട് 6 മണിക്കാണ് സംഭവമുണ്ടായത്. കേട്ടുകേള്‍വിയില്ലാത്ത പുതിയ തരം ആക്രമണത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് ഹിസ്ബുള്ള ആരോപിക്കുന്നത്. 10 വയസുള്ള ഒരു പെണ്‍കുട്ടിയടക്കം 9 പേര്‍ കൊല്ലപ്പെട്ട ഈ സംഭവത്തില്‍ പരിക്കേറ്റ 200 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖത്തും കൈകളിലും വയറിലുമൊക്കെയാണ് പലര്‍ക്കും പരിക്കേറ്റത്. ഹിസ്ബുള്ള മൊബൈല്‍ ഫോണുകള്‍ ഒഴിവാക്കി പേജറുകള്‍ ഉപയോഗിച്ചു തുടങ്ങിയതിന് ഒരു കാരണമുണ്ട്. എന്നാല്‍ ആ പേജറുകള്‍ തന്നെ ആയുധമാക്കിയിരിക്കുകയാണ് മൊസാദ്. ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ഈ ആക്രമണത്തിന് കാരണമെന്തായിരിക്കും?

ആക്രമണം ഇങ്ങനെ

ഹിസ്ബുള്ള അനുയായികള്‍ ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജറുകളാണ് ഒരേ സമയം പൊട്ടിത്തെറിച്ചത്. ഇവര്‍ ഉപയോഗിക്കുന്ന 5000ത്തോളം പുതിയ പേജറുകളില്‍ മൊസാദ് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നുവെന്നാണ് ലെബനീസ് സുരക്ഷാ വൃത്തങ്ങള്‍ വിശദീകരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തായ് വാനീസ് കമ്പനിയായ ഗോള്‍ഡ് അപ്പോളോയാണ് ഈ പേജറുകള്‍ നിര്‍മിച്ചു നല്‍കിയതെന്നാണ് ലെബനീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും ബിഎസി എന്ന ഒരു യൂറോപ്യന്‍ കമ്പനിക്ക് ഇതേ പേര് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. ഗോള്‍ഡ് അപ്പോളോയില്‍ നിന്ന് 5000 പേജറുകളാണ് ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്തത്. ഇതിന്റെ നിര്‍മാണ വേളയില്‍ തന്നെ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നുവെന്ന് വേണം മനസിലാക്കാന്‍. പേജറിനുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ ഒരു ബോര്‍ഡ് മൊസാദ് സ്ഥാപിച്ചിട്ടുണ്ടായിരുന്നെന്നും അത് സ്‌കാനറുള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ പോലും കണ്ടെത്താന്‍ സാധിക്കാത്ത വിധത്തിലായിരുന്നു സജ്ജീകരിച്ചതെന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു കോഡഡ് മെസേജ് എത്തിയാല്‍ പൊട്ടിത്തെറിക്കുന്ന വിധത്തിലായിരുന്നു ഇതിന്റെ സജ്ജീകരണം. ഒരേ സമയം എല്ലാ പേജറുകളും പൊട്ടിത്തെറിക്കാന്‍ കാരണം ഇതാണെന്ന് അവര്‍ കരുതുന്നു. മൂന്ന് ഗ്രാം സ്‌ഫോടക വസ്തുക്കള്‍ പേജറുകളില്‍ ഉണ്ടായിരുന്നത്രേ. മാസങ്ങളോളം ഇത് ഹിസ്ബുള്ളയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. പിഇടിഎന്‍ എന്ന സ്‌ഫോടക വസ്തു ഉപയോഗിച്ച് പേജറുകളിലെ ലിഥിയം അയോണ്‍ ബാറ്ററികള്‍ അമിതമായി ചൂടാക്കിയാണ് ആക്രമണം നടത്തിയതെന്നും. പ്രത്യേകതരം സിഗ്നല്‍ ഉപയോഗിച്ച് ബാറ്ററി അമിതമായി ചൂടാക്കിയാണ് പേജറുകള്‍ തകര്‍ത്തതെന്നും സ്ഥിരീകരിക്കാത്ത വാദങ്ങളും ഉയരുന്നുണ്ട്.

എന്തുകൊണ്ട് പേജറുകള്‍?

ഹിസ്ബുള്ള അനുയായികള്‍ പേജറുകള്‍ ഉപയോഗിക്കുന്നതിനും കാരണമുണ്ട്. ലെബനനില്‍ 170 ഹിസ്ബുള്ള അനുയായികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയത് ഫോണുകള്‍ ട്രാക്ക് ചെയ്തുകൊണ്ടായിരുന്നു. ഈ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഒരു മുതിര്‍ന്ന നേതാവും ഒരു ഹമാസ് നേതാവും കൊല്ലപ്പെട്ടു. ഈ ഇന്റലിജന്‍സ് പിഴവ് പരിഹരിക്കുന്നതിനായി ഫോണുകള്‍ ഉപേക്ഷിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഹിസ്ബുള്ള നേതൃത്വം അനുയായികള്‍ക്ക് നേതൃത്വം നിര്‍ദേശം നല്‍കി. ഫോണുകള്‍ ഉപേക്ഷിക്കുകയോ ഇരുമ്പു പെട്ടിയില്‍ വെച്ച് പൂട്ടുകയോ ചെയ്യാനായിരുന്നു നിര്‍ദേശം. ഇസ്രായേല്‍ സേനകള്‍ക്ക് ഫോണുകള്‍ ട്രാക്ക് ചെയ്യാന്‍ വളരെ വേഗം സാധിക്കുമെന്ന് നിര്‍ദേശമം നല്‍കിയ ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ ഹസ്സന്‍ നസ്‌റുള്ള മുന്നറിയിപ്പ് നല്‍കി. ഫോണുകള്‍ക്ക് പകരമാണ് പേജറുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കിയത്. പഴയ ടെക്‌നോളജിയാണെങ്കിലും ആശയവിനിമയത്തിന് ഇത് മതിയാകുമെന്നാണ് ഹിസ്ബുള്ള നേതൃത്വം കരുതിയത്. എന്നാല്‍ അതിനെയും അട്ടിമറിച്ചുകൊണ്ടാണ് ഇപ്പോള്‍ കേട്ടുകേള്‍വിയില്ലാത്ത ആക്രമണ തന്ത്രം ഇസ്രായേല്‍ പുറത്തെടുത്തിരിക്കുന്നത്.

ഹമാസിനെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഇറാന്‍ പിന്തുണയോടെ ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ളക്കെതിരെ ലെബനീസ് അതിര്‍ത്തി കേന്ദ്രീകരിച്ച് ഇസ്രായേല്‍ റോക്കറ്റ് ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ ഗാസയില്‍ ആക്രമണം ശക്തമാക്കിയതിനൊപ്പം തന്നെ ഹിസ്ബുള്ളയും ഇസ്രായേലിന്റെ ഹിറ്റ് ലിസ്റ്റിലാണ്. തിരിച്ച് ഹിസ്ബുള്ളയും ആക്രമണം നടത്തുന്നതിനാല്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ലെബനന്‍ അതിര്‍ത്തി കടന്നും ആക്രമണങ്ങള്‍ നടത്തി. ഇപ്പോള്‍ നടത്തിയ ആക്രമണം തങ്ങള്‍ക്ക് ഏതു വഴിയിലൂടെയും ആക്രമണം നടത്താന്‍ കഴിയുമെന്ന ഇസ്രായേലിന്റെ പ്രഖ്യാപനമായാണ് കാണുന്നതെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വിദഗ്ദ്ധന്‍ പോള്‍ പില്ലര്‍ പറഞ്ഞതായും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in