ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് ബിഷ്‌ണോയ് സംഘം? എന്താണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സംഭവിക്കുന്നത്?

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത് ബിഷ്‌ണോയ് സംഘം? എന്താണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സംഭവിക്കുന്നത്?
Published on

മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലൂടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുന്ന ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന് ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താനാകുമോ? കനേഡിയന്‍ ഫെഡറല്‍ പോലീസ് നടത്തിയ ഒരു പരാമര്‍ശമാണ് നയതന്ത്ര ബന്ധത്തില്‍ പുതിയ ചര്‍ച്ചകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റ് ഏജന്റുകള്‍ സൗത്ത് ഏഷ്യന്‍ വംശജരെ ലക്ഷ്യമിടുന്നതിനായി ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിക്കുകയാണെന്നാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസ് പറഞ്ഞത്. ഖാലിസ്ഥാന്‍ അനുകൂലികളെയാണ് ഇവര്‍ പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്നും പൊലീസ് വിശദീകരിക്കുന്നു. കനേഡിയന്‍ പൗരനായ ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് നിജ്ജറിന്റെ കൊലയില്‍ ഡല്‍ഹി ഏജന്റുകള്‍ക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ വര്‍ഷം കാനഡ ആരോപിച്ചിരുന്നതാണ്. അക്കാര്യം പൊലീസ് ആവര്‍ത്തിക്കുകയും ചെയ്തിരിക്കുന്നു. സംഘടിത കുറ്റവാളികള്‍ എന്ന് കാനഡ സൂചിപ്പിക്കുന്നത് ബിഷ്‌ണോയ് സംഘത്തിനെയാണെന്ന് വ്യക്തം. ലോറന്‍സ് ബിഷ്‌ണോയിയുടെ അടുത്ത അനുയായിയായ ഗോള്‍ഡി ബ്രാര്‍ കാനഡ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇയാളെ കണ്ടെത്താന്‍ ഇരു രാജ്യങ്ങള്‍ക്കും സാധിച്ചിട്ടില്ല.

കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പുതിയ പ്രസ്താവനയും കാനഡയുടെ ഈ ആരോപണത്തിന് ശക്തി പകരുന്നുണ്ട്. ഇന്ത്യ കനേഡിയന്‍ പൗരന്‍മാര്‍ക്കെതിരായ കുറ്റകൃത്യങ്ങളെ പിന്തുണയ്ക്കുകയാണെന്നും സൗത്ത് ഏഷ്യന്‍ വംശജരായ കനേഡിയന്‍ പൗരന്‍മാര്‍ക്കെതിരെ കാനഡയുടെ മണ്ണില്‍ നിന്നുകൊണ്ട് അതിക്രമങ്ങള്‍ നടത്തുകയാണെന്ന് ട്രൂഡോ പറഞ്ഞു. കാനഡയുടെ ആക്ടിംഗ് ഹൈക്കമ്മീഷണര്‍ സ്റ്റുവര്‍ട്ട് വീലറിനെയും അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യ പുറത്താക്കുകയും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മയെ ഇന്ത്യ തിരികെ വിളിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ട്രൂഡോയുടെ പ്രതികരണം. വര്‍മയെ പുറത്താക്കിയതാണെന്നാണ് കാനഡ പറയുന്നത്. കൊലയും കൊള്ളയും അതിക്രമങ്ങളുമടക്കമുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ-കാനഡ നയതന്ത്ര പ്രതിസന്ധി

നിജ്ജര്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയും കാനഡയുമായുള്ള ബന്ധം ഉലയാന്‍ തുടങ്ങിയത്. ജൂണ്‍ 8ന് വാന്‍കൂവറിലെ ഗുരുദ്വാരയുടെ കാര്‍ പാര്‍ക്കിംഗില്‍ വെച്ച് കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജര്‍ വെടിയേറ്റ് മരിച്ചു. മൂന്നു മാസത്തിന് ശേഷം സെപ്റ്റംബറില്‍ ട്രൂഡോ ഇതു സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ കൊലപാതകത്തില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നും അതിന് വിശ്വസ്തമായ തെളിവുകളുണ്ടെന്നും പറഞ്ഞു. ഖാലിസ്ഥാനി ടൈഗര്‍ ഫോഴ്‌സ് എന്ന സംഘടനയുടെ ബുദ്ധികേന്ദ്രമായിരുന്ന നിജ്ജര്‍ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുള്ള തീവ്രവാദിയായിരുന്നു. ജലന്ധറിലെ ഒരു ഹിന്ദു പുരോഹിതനെ കൊലപ്പെടുത്തിയ കേസില്‍ നിജ്ജറിന് പങ്കാളിത്തമുണ്ടെന്ന് എന്‍ഐഎയും വ്യക്തമാക്കിയിരുന്നു. ഇയാളുടെ തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. എന്നാല്‍ നിജ്ജറിന്റെ കൊലയില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തെ അസംബന്ധം എന്നാണ് ഡല്‍ഹി വിശേഷിപ്പിച്ചത്. ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് ഭീഷണിയായ ഖാലിസ്ഥാന്‍ വിഘടനവാദികള്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യ 2023 ജൂലൈയില്‍ കാനഡയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. കാനഡയിലെയും അമേരിക്കയിലെയും ഇന്ത്യന്‍ കോണ്‍സുലേറ്റുകളില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. കാനഡ കേന്ദ്രീകരിച്ച് തുടരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ആശങ്ക അറിയിക്കുകയും അക്രമങ്ങളെ അപലപിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഖാലിസ്ഥാനി വിഘടനവാദി അമൃത്പാല്‍ സിങ്ങിനെയും വാരിസ് പഞ്ചാബ് ദേ എന്ന ഇയാളുടെ സംഘടനയിലെ 100 പേരെയും പിടികൂടാന്‍ പൊലീസ് ശ്രമം ആരംഭിച്ചത്. 2010 മുതല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്നു വന്നിരുന്ന വ്യാപാര ചര്‍ച്ചകളാണ് ഇതോടെ നിലച്ചത്. ജി20 ഉച്ചകോടിക്കായി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യയില്‍ എത്തുകയും അതിനിടെ ചില സംഭവ വികാസങ്ങള്‍ ഉണ്ടാകുകയും ചെയ്തതോടെ ബന്ധം പൂര്‍ണ്ണമായും തകര്‍ന്നു. കനേഡിയന്‍ മണ്ണില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയും ട്രൂഡോ മടങ്ങിയ വിമാനം സാങ്കേതിക കാരണങ്ങളാല്‍ തിരിച്ചിറക്കിയതും പിന്നീട് തിരിച്ചു പോകല്‍ വൈകിയതുമെല്ലാം നയതന്ത്ര ബന്ധങ്ങളെ ബാധിച്ചു.

മരണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കനേഡിയന്‍ പാര്‍ലമെന്റ് നിജ്ജറിനെ ആദരിച്ചത് ഇന്ത്യയെ വീണ്ടും ചൊടിപ്പിച്ചു. തീവ്രവാദത്തിന് രാഷ്ട്രീയ ഇടം നല്‍കുകയും ഹിംസയെ പിന്തുണയ്ക്കുകയും ചെയ്യുന്ന സമീപനത്തെ എതിര്‍ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. 1985ല്‍ ഖാലിസ്ഥാനി തീവ്രവാദികള്‍ ബോംബ് വെച്ച് തകര്‍ത്ത എയര്‍ ഇന്ത്യയുടെ മോണ്‍ട്രിയല്‍-ലണ്ടന്‍ വിമാനത്തിലെ 329 യാത്രക്കാര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് തിരിച്ചടിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in