പായിപ്പാട് മാതൃകയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമം, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍

പായിപ്പാട് മാതൃകയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമം, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍

Published on

ആലപ്പുഴ ഹരിപ്പാട് അതിഥി തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ച വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ നേതാവ് അറസ്റ്റില്‍. ചിങ്ങോലി ജംഗ്ഷന്‍ സമീപം ദാറുല്‍ നൂറായിലെ നാസറുദ്ദീനാണ് പിടിയിലായത്. വെല്‍ഫെയര്‍ പാര്‍ട്ടി ആലപ്പുഴ ജില്ലാ ഭാരവാഹിയാണ്. ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി ജംഗ്ഷനില്‍ മുപ്പതിലേറെ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. എസ് പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ്് എസ് ഐ ലെയ്‌സാദ് മുഹമ്മദ്, ഹരിപ്പാട് സിഐ ആര്‍ ഫയാസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് നാസറുദ്ദീനെ അറസ്റ്റ് ചെയ്തത്.

പായിപ്പാട് മാതൃകയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച് വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്താന്‍ നാസറുദ്ദീന്‍ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് നാസറുദ്ദീനെ പിടികൂടിയതെന്നാണ് പൊലീസ് വിശദീകരണം. ലോക്ക് ഡൗണ്‍ ലംഘിച്ച് തൊഴിലാളികളില്‍ തെറ്റിദ്ധാര പരത്തി സംഘടിപ്പിച്ചതിനാണ് കേസ്. ഐപിസി 153,188,269 ഉള്‍പ്പെടെ വകുപ്പുകളും എപ്പിഡമിക് ഡിസീസ് ആക്ടും ചുമത്തിയായിരുന്നു അറസ്റ്റ്.

പൊലീസ് കള്ളക്കേസ് ചുമത്തിയെന്നാണ് വെല്‍ഫര്‍ പാര്‍ട്ടിയുടെ വിശദീകരണം. നാസറുദ്ദീനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ചങ്ങനാശേരി പായിപ്പാട് അതിഥി തൊഴിലാളികളെ സംഘടിപ്പിച്ചതിന് ബംഗാളി സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ബാഹ്യമായ ഗൂഢാലോചനയും അന്വേഷിക്കുന്നുണ്ട്. പാലക്കാട് പട്ടാമ്പിയില്‍ അതിഥി തൊഴിലാളികളെ സംഘടിപ്പിച്ച സിഐടിയു നേതാവിനെതിരെയും കേസെടുത്തിരുന്നു. അതിഥി തൊഴിലാളി യൂണിയന്‍ പട്ടാമ്പി ഡിവിഷന്‍ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരെയാണ് കേസെടുത്തത്. നിലമ്പൂരില്‍ നിന്ന് നാട്ടിലേക്ക് ട്രെയിന്‍ സൗകര്യമുണ്ടെന്ന് വ്യാജപ്രചരണം നടത്തിയതിന് മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് പേരും അറസ്റ്റിലായിരുന്നു.

logo
The Cue
www.thecue.in