‘അവരുടെ പോരാട്ടം ന്യായമാണ്’; വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ഡബ്ല്യൂസിസി
മാധ്യമപ്രവര്‍ത്തകയെ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയും സദാചാരപ്പൊലീസ് ചമയുകയും ചെയ്ത കേസില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തിട്ടും പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്നും പുറത്താക്കാത്തതിനെതിരെ പ്രതിഷേധം തുടരുന്ന വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് പിന്തുണയറിയിച്ച് ഡബ്ല്യൂസിസി. പൊതു ജീവിതത്തെ തന്നെ അസാധ്യമാക്കുന്ന സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായ ഇത്തരം പോലീസിങ് ഒരു നിലക്കും അനുവദിക്കാനാകില്ലെന്നും സംഭവത്തെ ഗൗരവമായി കണ്ട് ന്യായമായ ഒരു നിലപാട് അടിയന്തിരമായി തിരുവനന്തപുരം പ്രസ് ക്ലബ് സ്വീകരിക്കണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു.
വീട്ടിനകത്തായാലും പുറത്തായാലും സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന കടമ്പകള്‍ സമാനമാണ്, രണ്ടിടത്തും 'പുരുഷാധിപത്യത്തിന്റെ ബലാത്സംഗ സംസ്‌കാരം ' പല രൂപത്തിലും പതിയിരിക്കുന്നുണ്ട്. ലിംഗാധികാരത്തിന്റെ ആനുകൂല്യത്തില്‍ എല്ലാ സംവിധാനങ്ങളും വരുതിയില്‍ നിര്‍ത്തി മാത്രം ജീവിച്ചു ശീലിച്ച ആണത്തങള്‍ അതുകൊണ്ട് തന്നെ എവിടെയും ഒരു പോലീസ് സംസ്‌കാരം പണിതാണ് സ്വയം അതിജീവിക്കുന്നതെന്നും സിനിമയിലും മാധ്യമങ്ങളിലും അത് പരിധിയില്‍ കവിഞ്ഞ ബുദ്ധിമുട്ടാണ് സ്ത്രീകള്‍ക്ക് ഉണ്ടാക്കുന്നതെന്നും നെറ്റ് വര്‍ക്ക് ഫോര്‍ വുമണ്‍ ഇന്‍ മീഡിയയുടെ പ്രസ്താവന പങ്കുവെച്ചുകൊണ്ട് ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിച്ചു.
പൊതു ജീവിതത്തെ തന്നെ അസാധ്യമാക്കുന്ന സ്ത്രീയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. ഇത്തരം പോലീസിങ് ഒരു നിലക്കും അനുവദിക്കാനാകില്ല. ഇക്കാര്യത്തില്‍ തങ്ങളുടെ പുരുഷാധിപ സഹപ്രവര്‍ത്തകരുടെ സ്ത്രീ വിരുദ്ധ നിലപാടിനോട് കലഹിക്കുന്ന സ്ത്രീമാധ്യമ പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും അര്‍പ്പിക്കുന്നു. അവരുടെ പോരാട്ടം ന്യായമാണ്. അവരുടെ നിലപാടിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.തിരുവനന്തപുരം പ്രസ് ക്ലബ്ബിനോട് ഈ സംഭവത്തെ ഗൗരവമായി കണ്ട് ന്യായമായ ഒരു നിലപാട് അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
ഡബ്ല്യൂസിസി
സഹപ്രവര്‍ത്തകനും സുഹൃത്തുമായ വ്യക്തി വീട്ടിലെത്തിയതിന്റെ പേരില്‍ എം രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സദാചാരപ്പൊലീസിങ് നടത്തിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. രാധാകൃഷ്ണനെതിരെ ഐപിസി 451,341 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തെങ്കിലും രാധാകൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കാനോ സസ്പെന്‍ഡ് ചെയ്യാനോ തയ്യാറായിട്ടില്ല. രാധാകൃഷ്ണനെ പ്രസ്‌ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്നും അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് വനിതാമാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ നെറ്റ് വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ നാളെ തിരുവനന്തപുരത്ത് മാര്‍ച്ച് നടത്തും. സെക്രട്ടറിയേറ്റില്‍ നിന്നും പ്രസ്‌ക്ലബിലേക്കാണ് മാര്‍ച്ച്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം