ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കേണ്ടതില്ല; സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് സതീദേവി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കേണ്ടതില്ല;    
സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന് സതീദേവി
Published on

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ നടപ്പിലാക്കുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടല്ലാത്തതുകൊണ്ട് തന്നെ നിയമസഭയില്‍ ടേബിള്‍ ചെയ്യേണ്ടതില്ലെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചതെന്നും സതീദേവി പറഞ്ഞു. പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന നടപടികള്‍ ഏറ്റെടുക്കണമെന്നും പി.സതീദേവി പറഞ്ഞു.

എല്ലാ തൊഴില്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുണ്ടാകണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് അങ്ങനെയൊരു നിയമം ഉണ്ടായിട്ടുള്ളത്. ആ നിയമം അനുശാസിക്കുന്ന കംപ്ലയിന്റ് കമ്മിറ്റികള്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തന ക്ഷമമല്ല. അത്തരത്തിലൊരു നിയമമുണ്ട് എന്നൊരു ബോധ്യം പോലും സിനിമാ പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് ഇല്ല എന്നത് ഇന്നാണ് വനിതാ കമ്മീഷന്‍ പൂര്‍ണമായി മനസിലാക്കുന്നത് എന്നും പി. സതീദേവി പറഞ്ഞു.

പി. സതീദേവി പറഞ്ഞത്

സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധമായ പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രതിരോധവും പ്രവര്‍ത്തനവും നടത്തികൊണ്ടുവരുന്ന ഒരു സംഘടനയാണ് ഡബ്ല്യുസിസി. അവര്‍ അനുഭവിക്കുന്ന നിരവധിയായിട്ടുള്ള പ്രശ്‌നങ്ങള്‍ അവര്‍ ഏറെ കാലമായി പറയുന്നുണ്ട്. പക്ഷേ അതിനൊന്നും തന്നെ പരിഹാരമുണ്ടാകുന്ന നടപടിയുണ്ടായിട്ടില്ല എന്നുള്ള ഒരു വിഷമമാണ് അവര്‍ ഞങ്ങളോട് പങ്കുവെച്ചിട്ടുള്ളത്.

സിനിമാ പ്രൊഡക്ഷന്‍ കമ്പനികളാണ് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്. എല്ലാ തൊഴില്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിയുണ്ടാകണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് അങ്ങനെയൊരു നിയമം ഉണ്ടായിട്ടുള്ളത്. ആ നിയമം അനുശാസിക്കുന്ന കംപ്ലയിന്റ് കമ്മിറ്റികള്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തന ക്ഷമമല്ല. അത്തരത്തിലൊരു നിയമമുണ്ട് എന്നൊരു ബോധ്യം പോലും സിനിമാ പ്രൊഡക്ഷന്‍ കമ്പനികള്‍ക്ക് ഇല്ല എന്നത് ഇന്നാണ് വനിതാ കമ്മീഷന്‍ പൂര്‍ണമായി മനസിലാക്കുന്നത്. അത് വളരെ അനിവാര്യമാണ്.

സിനിമാമേഖലയിലേക്ക് പുതിയ പെണ്‍കുട്ടികള്‍ കടന്നുവരുമ്പോള്‍ അവര്‍ക്ക് നല്ല ആത്മവിശ്വാസത്തോട് കൂടി സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയേണ്ടതായിട്ടുണ്ട്. അതിന് ഉതകുന്ന സാഹചര്യം ഉറപ്പുവരുത്താന്‍ സിനിമാ നിര്‍മ്മാണ കമ്പനികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം അവരുടെ നിയമപരമായ ബാധ്യതയാണ്.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ട് അല്ലാത്തതുകൊണ്ട് തന്നെ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കേണ്ട ആവശ്യമില്ല എന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി പറഞ്ഞത്. കേരളത്തിലെ സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം ഉറപ്പ് വരുത്താനും നാനാ തരത്തിലുള്ള ചൂഷണങ്ങള്‍ ഇല്ലാതാക്കാനും സര്‍ക്കാര്‍ ഇടപെടും.

Related Stories

No stories found.
logo
The Cue
www.thecue.in