വയനാട് ഉരുൾപൊട്ടൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വയനാട് ഉരുൾപൊട്ടൽ: മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
Published on

വയനാട് മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം.

വയനാട്ടിൽ മരണസംഖ്യ ഉയരുകയാണ്. 19 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തി. സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസ് എത്തും. സൈന്യവും വയനാട്ടിലേക്ക് എത്തുന്നുണ്ട്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പ്രത്യേക കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേയ്ക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ നൽകാം.

സംസ്ഥാന പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.

ഫോൺ : 9497900402, 0471 2721566

മുണ്ടക്കൈയിൽ എൻഡിആർഫിന് എത്താൻ കഴിയാത്ത സാഹചര്യമെന്ന് റവന്യു മന്ത്രി കെ. രാജൻ. രക്ഷാപ്രവർത്തകർക്ക് എത്താൻ താൽക്കാലിക യാത്ര സൌകര്യമൊരുക്കും. കൂളൂരിൽ നിന്ന് മൂന്ന് ഹെലികോപ്റ്ററുകൾ പുറപ്പെട്ടു. ബംഗളൂരിൽ നിന്ന് രണ്ട് എൻഡിആർഎഫ് സംഘങ്ങൾ കൂടി വയനാട്ടിലേക്ക് തിരിച്ചു. അഞ്ച് എൻഡിആർഎഫ് സംഘങ്ങൾ രക്ഷാ പ്രവർത്തനം നടത്തുമെന്ന് മന്ത്രി രാജൻ അറിയിച്ചു.

വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്നുള്ള അതീവ ഗുരുതരമായ ദുരന്തവും രക്ഷാപ്രവർത്തനങ്ങളും പാർലമെന്റ് മറ്റ് നടപടി ക്രമങ്ങൾ നിർത്തി വെച്ചു ചർച്ച ചെയ്യണമെന്ന ആവശ്യം മുൻ നിർത്തി പി സന്തോഷ് കുമാർ എംപി റൂൾ 267 പ്രകാരം രാജ്യസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി

രക്ഷാപ്രവർത്തനം ഊർജിതപ്പെടുത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് കെ സി വേണുഗോപാൽ. വിഷയം ലോക്സഭ നിർത്തിവെച്ച് ചർച്ച ചെയ്യണം. കെ സി വേണുഗോപാൽ ലോക്സഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് നൽകി.

മുണ്ടക്കൈ പ്രദേശത്ത് നിരവധി ആളുകൾ ഒറ്റപ്പെട്ടെന്ന് വാർഡ് മെമ്പർ രാഘവൻ. നിസഹായരായി നോക്കി നിൽക്കുകയാണെന്നും വാർഡ് മെമ്പർ പറയുന്നു. മുണ്ടക്കൈ സ്കൂളിന് സമീപം ഗുരുതര സാഹചര്യമാണ്. നിരവധി പേർ ചെളിയിൽ കുടുങ്ങിക്കിടക്കുന്നത് കാണുന്നുണ്ട്. തല മാത്രമാണ് പുറത്തുകാണുന്നതെന്നും പഞ്ചായത്ത് മെമ്പർ രാഘവൻ. വീടിനുള്ളിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മെമ്പർ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in