രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ചടങ്ങിന് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചു. പരിപാടി സര്‍ക്കാരിനെ അറിയിച്ചില്ലെന്ന് കാണിച്ചാണ് നടപടി. മുണ്ടേരി സ്‌കൂള്‍ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യാനായിരുന്നു തീരുമാനം. ഇതിനാണ് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചിരിക്കുന്നത്.
പരിപാടി സര്‍ക്കാരിനെ അറിയിക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് പദ്ധതി നടപ്പാക്കിയത്. അതിന്റെ ഉദ്ഘാടനം വകുപ്പ് മന്ത്രിയെ അറിയിക്കണമെന്നും പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ടെന്ന് ജില്ലാ കളക്ടര്‍ വിശദീകരിച്ചു.
ഇന്ന് 10.30നായിരുന്നു ഉദ്ഘാടന ചടങ്ങ് നടക്കേണ്ടിയിരുന്നത്. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഡിസിസി പ്രസിഡന്റ് എന്നിവരെല്ലാം ഉദ്ഘാടന ചടങ്ങിന് എത്തിയിരുന്നു. ഉദ്ഘാടനത്തിന് തൊട്ട് മുമ്പാണ് അനുമതി നിഷേധിച്ച കാര്യം അറിയിച്ചത്. നഗരസഭയാണ് രാഹുല്‍ ഗാന്ധിയെ ഉദ്ഘാടനത്തിന് ക്ഷണിച്ചതെന്ന് യുഡിഎഫ് പറയുന്നു. കല്‍പ്പറ്റ എംഎല്‍എ സി.കെ. ശശീന്ദ്രനും പരിപാടിയെക്കുറിച്ച് അറിയാമെന്നും സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ഇടപെടുകയാണെന്നും യുഡിഎഫ് ആരോപിക്കുന്നു.