'നീതി കിട്ടും വരെ പോരാടും'; സെക്രട്ടേറിയറ്റിന് മുന്നില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം

'നീതി കിട്ടും വരെ പോരാടും'; സെക്രട്ടേറിയറ്റിന് മുന്നില്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം
Published on

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം. കേസ് അട്ടിമറിച്ചവരെ പുറത്താക്കണമെന്നതാണ് പ്രധാന ആവശ്യം. വാളയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നേരത്തെ ഹൈക്കോടതിക്ക് മുന്നില്‍ നിന്നും സെക്രട്ടേറിയറ്റിലേക്ക് വാളയാര്‍ നീതിയാത്രയും സെക്രട്ടേറിയറ്റിന് മുന്നില്‍ കുടില്‍ കെട്ടി സമരവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളുടെ മാതാപിതാക്കള്‍ സമരമിരിക്കുന്നത്.

ആദ്യം കേസ് അന്വേഷിച്ച വാളയാര്‍ എസ്‌ഐ പിസി ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം നല്‍കിയ അന്നത്തെ നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സോജന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം. നീതി കിട്ടുവരെ സമരം ചെയ്യുമെന്ന് പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.

വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് സമരവേദിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. പെണ്‍കുട്ടികളുടെ കുടുംബത്തെ മുഖ്യമന്ത്രി വഞ്ചിച്ചു. പിണറായി വിജയനും യോഗി ആദിത്യനാഥും തമ്മില്‍ എന്താണ് വ്യത്യാസമെന്നും ചെന്നിത്തല ചോദിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മൂന്ന് വര്‍ഷം മുമ്പാണ് വാളയാറില്‍ ഒമ്പതും പതിമൂന്നും വയസുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളും പീഡനത്തിനിരയായതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസ് വാദം. അറസ്റ്റ് ചെയ്തവരില്‍ കുറ്റം തെളിയിക്കാന്‍ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ ഏഴ് പേരില്‍ നാല് പേരും കുറ്റവിമുക്തരായിരുന്നു. മൂന്നാം പ്രതിയായ പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in