വാളയാര്‍ കേസ്: വിധിക്ക് ഒരു വര്‍ഷം, നീതി തേടി വീടിന് മുന്നില്‍ സമരം

വാളയാര്‍ കേസ്: വിധിക്ക് ഒരു വര്‍ഷം, നീതി തേടി വീടിന് മുന്നില്‍ സമരം
Published on

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്‌സോ കോടതി വിധി വന്നിട്ട് ഒരുവര്‍ഷം. പെണ്‍കുട്ടികളുടെ കുടുംബം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഇന്ന് മുതല്‍ സ്വന്തം വീടിന് മുന്നില്‍ മാതാപിതാക്കള്‍ നിരാഹാരമിരിക്കും.

2017 ജനുവരി 13നാണ് 12 വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ താമസിച്ചിരുന്ന താല്‍ക്കാലിക ഷെഡ്ഡിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 41 ദിവസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു പെണ്‍കുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

കേസില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. ഇതില്‍ പ്രധാന പ്രതികളെയെല്ലാം പോക്‌സോ കോടതി വെറുതേ വിടുകയായിരുന്നു. പ്രോസിക്യൂഷന് പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാന്‍ കഴിയാതെ വന്നതോടെയാണ് പ്രധാന പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരെ വെറുതേ വിട്ടത്. അതിന് മുന്‍പ് മറ്റൊരു പ്രതിയേയും വെറുതേ വിട്ടയച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നും 25നുമായാണ് പാലക്കാട് പോക്‌സോ കോടതി വിധി വന്നത്.

പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും വീഴ്ച വരുത്തി പ്രതികളെ രക്ഷപ്പെടുത്തിയതാണെന്ന് വിമര്‍ശനമുയര്‍ന്നു. വിധിക്കെതിരെ സമരങ്ങള്‍ അരങ്ങേറി. പിന്നീട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വാളയാര്‍ കേസ് പരാജയപ്പെട്ടത് എങ്ങനെയെന്ന് പരിശോധിക്കാനായിരുന്നു സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സര്‍ക്കാരും, മാതാപിതാക്കള്‍ക്ക് വേണ്ടി ചില സംഘടനകളും വ്യക്തികളും ഉള്‍പ്പടെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. നവംബര്‍ 9നാണ് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in