പൃഥ്വിരാജിനെതിരെയുള്ള സംഘ് പരിവാർ ചാനലിന്റെ വേട്ടയാടൽ അംഗീകരിക്കാനാവില്ല; വി ടി ബൽറാം

പൃഥ്വിരാജിനെതിരെയുള്ള  സംഘ് പരിവാർ ചാനലിന്റെ വേട്ടയാടൽ അംഗീകരിക്കാനാവില്ല;  വി ടി ബൽറാം
Published on

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റരുടെ ഏകാധിപത്യനീക്കങ്ങള്‍ക്കെതിരെ നിലപാടെടുത്ത നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ വ്യക്തിഹത്യ നടത്തിയ സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടി.വി നേരിട്ട് നടത്തുന്ന വേട്ടയാടൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ്സ് നേതാവ് വി ടി ബൽറാം. വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനും ചാനൽ മടിച്ചില്ലെന്ന് വി ടി ബൽറാം സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചു.

പൃഥ്വിരാജിനെയും പിതാവും നടനുമായ സുകുമാരനെയും അധിക്ഷേപിച്ചും വ്യക്തിഹത്യ നടത്തിയുമാണ് ചാനല്‍ ചീഫ് എഡിറ്റര്‍ ജി.കെ സുരേഷ് ബാബുവിന്റെ ജനം ടീവിയുടെ വെബ്‌സൈറ്റിൽ ലേഖനം പ്രസിദ്ധീകരിച്ചത്. ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ടെന്ന് സുരേഷ് ബാബു ലേഖനത്തിൽ പരാമർശിച്ചു . കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട്. ഒരു നടന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കുരയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാമെന്നും ലേഖനത്തില്‍ സുരേഷ് ബാബു അഭിപ്രായപ്പെട്ടു.

വി ടി ബൽറാമിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

ലക്ഷദ്വീപ് പ്രശ്നത്തിൽ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അഭിനേതാവ് പൃഥ്വിരാജിനെതിരെ സംഘ് പരിവാറിന്റെ വാർത്താ ചാനൽ നേരിട്ട് നടത്തുന്ന ഈ വേട്ടയാടൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനും ചാനലിന് മടിയില്ല. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിന്റെ സുരക്ഷിത താവളങ്ങളിൽ തലയൊളിപ്പിച്ചപ്പോൾ ആർജ്ജവത്തോടെ ഉയർന്നു കേട്ട വിയോജിപ്പിന്റെ ശബ്ദമായിരുന്നു പൃഥ്വിരാജിന്റേത് അത് ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നമ്മളോരോരുത്തരുടേയും ശബ്ദമാണ്. ഭരണവർഗ്ഗ മാധ്യമങ്ങളെ ഉപയോഗിച്ച് സാംസ്ക്കാരിക പ്രവർത്തകരെ നിശ്ശബ്ദരാക്കുന്നത് നമുക്കനുവദിക്കാനാവില്ല.

Related Stories

No stories found.
logo
The Cue
www.thecue.in