കൊച്ചിയില്‍ നടിയും മോഡലുമായ ട്രാന്‍സ്ജെന്‍ഡര്‍ ഷെറിന്‍ സെലിന്‍ മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം. കഴിഞ്ഞ കുറച്ചുകാലമായി ഇതുപോലുള്ള ദുരൂഹമരണങ്ങളും ആത്മഹത്യകളും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്ന് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയില്‍ത്തന്നെ ഒന്നര വര്‍ഷത്തിനകത്ത് ഇത് അഞ്ചാമത്തെ മരണമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് എഴുതിത്തള്ളാതെ സവിശേഷമായ സാമൂഹിക ശ്രദ്ധയും പഠനവും ആവശ്യമുള്ള ഗൗരവതരമായ ഒരു വിഷയമായി ഇതിനെ കാണാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്ന് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനില്‍ക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങള്‍, വിവേചനങ്ങള്‍, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്‌നങ്ങളും ഇനിയും വേണ്ട രീതിയില്‍ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ലെന്നും വി.ടി ബല്‍റാം പറഞ്ഞു.
ഈ മരണത്തേക്കുറിച്ചുള്ള പൊലീസിന്റെ അന്വേഷണത്തിനപ്പുറം സാമൂഹിക നീതി വകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടര്‍ച്ചയായ മരണങ്ങള്‍ ഒരു പൊതു വിഷയമായിക്കണ്ട് ഗൗരവമുള്ള പഠനത്തിനും അതനുസരിച്ചുള്ള ഇടപെടലുകള്‍ക്കും തയ്യാറാകണം സമൂഹത്തിലെ ഓരോ വ്യക്തിയും പൂര്‍ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളപ്പെടുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് നാമേവരുടേയും ഉത്തരവാദിത്തമാണെന്നും വി.ടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.
ഇന്ന് രാവിലെയാണ് സെലിനെ കൊച്ചിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 27 വയസായിരുന്നു. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി ഫ്ലാറ്റിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷെറിനെ പാലാരിവട്ടം പൊലീസ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ഷെറിന്‍ കൊച്ചിയിലാണ് താമസം.