വ്യാജചികിത്സകരെ പ്രോത്സാഹിപ്പിക്കുമെന്ന് വിമര്‍ശനം, അശാസ്ത്രീയ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി പിന്‍മാറി 

വ്യാജചികിത്സകരെ പ്രോത്സാഹിപ്പിക്കുമെന്ന് വിമര്‍ശനം, അശാസ്ത്രീയ ചികിത്സാകേന്ദ്രത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി പിന്‍മാറി 

Published on

തൃശൂര്‍ വൈദ്യകൂടാരം ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പിന്‍മാറി. സര്‍ക്കാര്‍ അംഗീകാരമോ ശാസ്ത്രീയ പിന്‍ബലമോ ഇല്ലാത്ത ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തില്‍ മന്ത്രി പങ്കെടുക്കുന്നതില്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പിന്‍മാറ്റം. വിയ്യൂരില്‍ തുടങ്ങുന്ന വൈദ്യകൂടാരത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയും ക്യാപ്‌സൂള്‍ കേരള കൂട്ടായ്മ വഴിയും കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു.

ആയുര്‍വേദം, ഹോമിയോപതി, നാട്ടുവൈദ്യം, പ്രകൃതി ചികിത്സ, ജര്‍മ്മന്‍ കൊറിയന്‍, ചൈനീസ് എന്നിവ സമന്വയിപ്പിച്ചുള്ള ചികിത്സയെന്ന് അവകാശപ്പെടുന്ന വൈദ്യകൂടാരത്തിന്റെ ഉദ്ഘാടനത്തില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുക്കുന്നത് അശാസ്ത്രീയ ചികിത്സാ രീതികള്‍ക്കുള്ള പ്രോത്സാഹനമാകുമെന്നായിരുന്നു വിമര്‍ശനം. മന്ത്രിയെ കൂടാതെ വി ആര്‍ സുനില്‍ കുമാര്‍ എംഎല്‍എ, തൃശൂര്‍ മേയര്‍ അജിതാ വിജയന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍, സിപിഐഎം ലോക്കന്‍ കമ്മിറ്റി സെക്രട്ടറി ടി എസ് സുമേഷ്, വിവിധ കൗണ്‍സിലര്‍മാര്‍, വിയ്യൂര്‍ എസ് ഐ ശ്രീജിത്ത് എന്നിവര്‍ മന്ത്രി വി എസ് സുനില്‍കുമാറിനെ കൂടാതെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമെന്ന് നോട്ടീസില്‍ ഉണ്ടായിരുന്നു. ഇവരും പിന്‍മാറിയതായി അറിയിച്ചെന്ന് കാപ്‌സൂള്‍ കേരളാ പറയുന്നു. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എയും മേയര്‍ അജിതാ വിജയന്‍ ,കൗണ്‍സിലര്‍ അനൂപ് കാട, സിപിഎം എല്‍.സി സെക്രട്ടറി സുമേഷ് എന്നിവരും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായാണ് കാപ്‌സൂള്‍ കേരള വ്യക്തമാക്കുന്നത്.

വൈദ്യകൂടാരം ഉദ്ഘാടന അറിയിപ്പ് 
വൈദ്യകൂടാരം ഉദ്ഘാടന അറിയിപ്പ് 

വൈദ്യകൂടാരം ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നില്ലെന്ന് മന്ത്രി സുനില്‍കുമാര്‍ ദ ക്യൂവിനോട് സ്ഥിരീകരിച്ചു. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനാല്‍ കൂടുതല്‍ വിശദീകരണത്തിന് മന്ത്രി തയ്യാറായില്ല. പ്ലാന്‍്സോപതിയില്‍ ഡോക്ടറേറ്റുള്ള ഉസ്താദ് ഹംസ വൈദ്യരുടെ സാന്ത്വനകേന്ദ്രമെന്നാണ് നോട്ടീസിലെ അവകാശവാദം. എന്നാല്‍ പ്ലാന്‍്സോപതി എന്നൊരു വിഭാഗമില്ലെന്നും ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയോ, കോളജോ ഈ വിഭാഗത്തില്‍ ഡോക്ടറേറ്റ് നല്‍കുന്നില്ലെന്നും കാപ്‌സൂള്‍ കേരളാ വിശദീകരിക്കുന്നു.

പാരമ്പര്യ ചികിത്സ, നാട്ടുചികിത്സ, ജര്‍മന്‍ കൊറിയന്‍ ചികിത്സ എന്നിവ ഇന്ത്യയില്‍ നിയമവിരുദ്ധമാണ്. ഇതിനെതിരായി സുപ്രീം കോടതി വിധിയും നിലവിലുണ്ട്. ഇത്തരം അശാസ്ത്രീയ ചികിത്സകള്‍ക്കൊപ്പം മന്ത്രിയും എം. എല്‍. എ. യും ചേര്‍ന്ന് നില്‍ക്കുന്നത് അശാസ്ത്രീയതയെയും വ്യാജ ചികിത്സകരെയും പ്രോത്സാഹിപ്പിക്കുന്നതിന് സമമാണ്. അത് പൊതു നന്മക്കു എതിരായതിനാല്‍ ഇത്തരം പ്രസ്ഥാനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കണം

കാപ്‌സൂള്‍ കേരള  

സംസ്ഥാനം നിപാ പോലുള്ള രോഗങ്ങളെ ശാസ്ത്രീയമായി നേരിടുമ്പോള്‍ മന്ത്രി ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് പ്രതിഷേധമുയര്‍ത്തിയുള്ള കുറിപ്പില്‍ വിശദീകരിച്ചിരുന്നു. മന്ത്രിയെയും ജനപ്രതിനിധികളോടും പിന്‍മാറണമെന്ന അഭ്യര്‍ത്ഥനയുമായി നെല്‍സണും ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.

പൊതുജനാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന നിമയവിരുദ്ധ ചികില്‍സാ പരസ്യങ്ങള്‍ക്കും, വ്യാജ ചികിത്സകരെ നിയമപരമായി നേരിടുന്നതിനുമായി ശാസ്്ത്ര സാഹിത്യ പരിഷത് മുന്‍കയ്യെടുത്ത് രൂപീകരിച്ചതാണ് കാപ്‌സൂള്‍ കേരളാ. കാമ്പയിന്‍ എഗയിന്‍സ്റ്റ് സ്യൂഡോ സയന്‍സ് യൂസിംഗ് ലോ ആന്‍ഡ് എത്തിക്‌സ് എന്നതാണ് പൂര്‍ണ രൂപം. സമാന സംഘടനകളുമായി സഹകരിച്ചാണ് പരിഷത് നേതൃത്വത്തിലുള്ള കൂട്ടായ്മ.

ഹൃദയം, കിഡ്നി, പ്രമേഹം, അസ്ഥി, സന്ധി, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ പൂര്‍ണമായും സുഖപ്പെടുത്തുമെന്നും അമിതവണ്ണം, കേള്‍വിക്കുറവ് എന്നിവ മാറ്റുമെന്നുമാണ് വൈദ്യകൂടാരം ഇറക്കിയ നോട്ടീസില്‍ അവകാശപ്പെടുന്നത്. എന്നാല്‍ അംഗീകാരമില്ലാത്ത ചികിത്സാ രീതികളാണിവയെന്നും മരുന്ന് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന രോഗങ്ങള്‍ക്ക് ഇത്തരം ചികിത്സ തേടുന്നത് വിപരീത ഫലം ചെയ്യുമെന്നുമാണ് എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. മന്ത്രി ചടങ്ങില്‍ പങ്കെടുത്താല്‍ അശാസ്ത്രീയമായ ചികിത്സ രീതികള്‍ക്ക് പിന്തുണ നല്‍കുന്നതിന് തുല്യമാകുമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. വിയ്യൂര്‍ കേന്ദ്രമായാണ് ഈ ചികിത്സ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഏത് അസുഖത്തിനും സാന്ത്വന ചികിത്സ എന്നതാണ് ഇവരുടെ അവകാശവാദം.

logo
The Cue
www.thecue.in