സ്ത്രീകള്‍ പര്‍ദ്ദയിടണം, പ്രസവിക്കണം; ലീഗും താലിബാനും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് വി.പി. സുഹറ

സ്ത്രീകള്‍ പര്‍ദ്ദയിടണം, പ്രസവിക്കണം; ലീഗും താലിബാനും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് വി.പി. സുഹറ
Published on

എം.എസ്.എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച നടപടിയില്‍ മുസ്ലീം ലീഗ് നേതൃത്വത്തനെതിരെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ വി.പി സുഹറ. സ്ത്രീകളെ അപമാനിക്കുന്ന നടപടിയാണ് ലീഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും സുഹറ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോട് ആയിരുന്നു അവരുടെ പ്രതികരണം.

പരാതിയില്‍ ഉറച്ചു നിന്ന പെണ്‍കുട്ടികളോട് അഭിമാനം തോന്നുന്നുവെന്നും സുഹറ പറഞ്ഞു.

'വിചിത്രവും സ്ത്രീവിരുദ്ധവുമായ നിലപാടാണിത്. ആ പെണ്‍കുട്ടികളോട് എനിക്ക് വലിയ അഭിമാനം തോന്നുകയാണ്. മുസ്ലിം ലീഗിന്റെയൊക്കെ നിലപാടെന്നു പറഞ്ഞാല്‍ സ്ത്രീകള്‍ നിശബ്ദമായിരിക്കണമെന്നാണ്. അവര്‍ പറയുന്നത് അനുസരിച്ച് അടിമകളെപ്പോലെ കഴിയണം. തങ്ങളെ അധിക്ഷേപിച്ചിട്ട് പെണ്‍കുട്ടികള്‍ മിണ്ടാതിരിക്കണമെന്ന് പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്. ഹരിതയുടെ പരാതിയില്‍ കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ ചര്‍ച്ച നടന്നിട്ട് ഒരു തീരുമാനവും ലീഗ് നേതൃതം എടുത്തില്ല,' സുഹറ പറഞ്ഞു.

സ്ത്രീകളെ ഇവര് കാണുന്നത് പെറ്റു കൂട്ടുന്ന യന്ത്രമായിട്ടാണെന്നും സുഹറ കൂട്ടിച്ചേര്‍ത്തു. താലിബാനുമായി ഇവര്‍ക്ക് വലിയ വ്യത്യാസമൊന്നുമില്ല. താലിബാന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. അവര്‍ക്കൊക്കെ ഒരു ഉപകരണമായിരിക്കുന്നത് പര്‍ദ്ദയാണ്. രണ്ടാമത്തേത് ഫെമിനിസ്റ്റുകളാണ്. നിശബ്ദരായിരുന്ന് പ്രസവിച്ചു കൂട്ടുക എന്നതാണ്. ഇതു തന്നെയാണ് കൃസ്ത്യന്‍ വിഭാഗത്തിലും നടക്കുന്നത്. 2000 രൂപകൊടുത്ത് പ്രസവിപ്പിക്കുകയാണ് അവരും ചെയ്യുന്നതെന്നും സുഹറ പറഞ്ഞു.

സംഘടനാ നേതാക്കളില്‍ നിന്ന് ലൈംഗികാധിക്ഷേപം നേരിട്ടതുമായി ബന്ധപ്പെട്ടാണ് ഹരിത നേതാക്കള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ഹരിത ഭാരവാഹികളോട് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് തയ്യാറല്ലെന്ന് അറിയിച്ചതോടെയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, ജില്ലാ ജനറല്‍ സെക്രട്ടറി വി. അബ്ദുള്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്. നവാസും അബ്ദുള്‍ വഹാബും ലൈംഗിക അധിക്ഷേപം നടത്തിയെന്ന് കാണിച്ചാണ് 10 വനിതാ നേതാക്കള്‍ പരാതി നല്‍കിയത്.

നവാസ് അശ്ലില ചുവയോടെ സംസാരിച്ചെന്നും ജന.സെക്രട്ടറി ഫോണിലൂടെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല, ആത്മാഭിമാനം സംരക്ഷിക്കാന്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നാണ് ആവശ്യം. സ്ത്രീകളെ 'തൊലിച്ചികള്‍' എന്നാണ് മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബ് അധിക്ഷേപിച്ചതെന്നും ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in