യുവതിയെ കാട്ടാന ചവിട്ടി കൊന്നതില്‍ ഉത്തരവാദിയെന്ന് വിമര്‍ശനം; പണം വാങ്ങി റിവ്യൂ ചെയ്തു; മറുപടിയുമായി വ്‌ളോഗര്‍ സുജിത് ഭക്തന്‍

യുവതിയെ കാട്ടാന ചവിട്ടി കൊന്നതില്‍ ഉത്തരവാദിയെന്ന് വിമര്‍ശനം; പണം വാങ്ങി റിവ്യൂ ചെയ്തു; മറുപടിയുമായി വ്‌ളോഗര്‍ സുജിത് ഭക്തന്‍
Published on

വയനാട് മേപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടി കൊന്ന റിസോര്‍ട്ടിന് വേണ്ടി പണം വാങ്ങി റിവ്യു ചെയ്തുവെന്ന ആരോപണം. റെയിന് ഫോറസ്റ്റ് റിസോര്‍ട്ടിന് വേണ്ടി പണം വാങ്ങി റിവ്യു ചെയ്ത സുജിത് ഭക്തനും സംഭവത്തില്‍ ഉത്തരവാദിത്വം ഉണ്ടെന്നായിരുന്നു താജു പൊന്ന്യാകുര്‍ശിക്കാരന്‍ എന്ന ആളുടെ വിമര്‍ശനം. സുജിത് ഭക്തനെതിരെ നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് മറുപടിയുമായി വ്‌ളോഗര്‍ സുജിത് ഭക്തന്‍ രംഗത്തെത്തി.

ലൈസന്‍സില്ലാതെ മൂന്ന് വര്‍ഷം റിസോര്‍ട്ട് പ്രവര്‍ത്തിച്ചതിന് ഉത്തരവാദി ഭരണകൂടവും അധികാരികളുമാണെന്ന് സുജിത് ഭക്തന്‍ വാദിക്കുന്നു.ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. താന്‍ ചെയ്ത വിഡീയോ പ്രൈവറ്റാക്കിയത് കൂടുതല്‍ വിവാദങ്ങള്‍ വേണ്ടെന്ന് കരുതിയാണെന്നും സുജിത് ഭക്തന്‍ പറയുന്നു.

സുജിത് ഭക്തന്റെ മറുപടി

മൂന്ന് വര്‍ഷമായി നടത്തുന്ന റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലെങ്കില്‍ അതിന് കുറ്റക്കാര്‍ ആ നാട്ടിലെ ഭരണകൂടവും അധികാരികളും ആണ്. ടെന്റ് ക്യാമ്പിംഗ് കേരളത്തില്‍ നൂറുകണക്കിനുണ്ട്. അതിനൊന്നും ടെന്റ് ക്യാമ്പിംഗ് എന്ന പേരില്‍ അല്ല ലൈസന്‍സ് ഉള്ളത്. ഹോം സ്റ്റേ എന്നോ സര്‍വ്വീസ് അപ്പാര്‍ട്ട്മന്റ് എന്നോ ഒക്കെ മാത്രമായിരിക്കും. വിശദമായി കാര്യങ്ങള്‍ പഠിച്ചതിന് ശേഷം ഈ കാര്യത്തില്‍ ഒരു വീഡിയോ ഇട്ട് പ്രതികരിക്കുന്നതായിരിക്കും.

പിന്നെ വീഡിയോ പ്രൈവറ്റ് ആക്കിയത് കൂടുതല്‍ വിവദമാക്കണ്ട എന്നു വിചാരിച്ചാണ്. ഞാനും എന്റെ സുഹൃത്ത് ഹൈനസ് ഇക്കയും ചേര്‍ന്നാണ് അവിടെ പോകുന്നത്. അതും രണ്ടര വര്‍ഷം മുന്‍പ്. ഇത്ര വൈറല്‍ ആയിട്ടും ആയിരക്കണക്കിനാളുകള്‍ വന്നു പോയിട്ടും പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ല. 3 വര്‍ഷമായി ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ചെങ്കില്‍ ആ പരിസരത്തെ പഞ്ചായത്ത്, ഫോറസ്റ്റ്, പോലീസ് എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി എടുക്കേണ്ടതാണ്‌.

Related Stories

No stories found.
logo
The Cue
www.thecue.in