ബലാത്സംഗ കേസില്‍ പ്രതിയായ വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍. യുവതി തനിക്കെതിരെ നല്‍കിയ പരാതി വ്യാജമാണെന്നും യുവതിക്ക് ഗൂഢ ലക്ഷ്യമുണ്ടെന്നുമാണ് ശ്രീകാന്ത് ജാമ്യാപേക്ഷയില്‍ പറഞ്ഞത്. പരാതിക്കാരി തന്റെ സുഹൃത്തായിരുന്നു. സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും വെട്ടിയാര്‍ അവകാശപ്പെടുന്നു.
അതേസമയം ബലാത്സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വെട്ടിയാര്‍ ഒളിവിലായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തിലാണ് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്. ഏകദേശം ഒരാഴ്ച്ചയായി ശ്രീകാന്ത് ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിനായി വീട്ടില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് ശ്രീകാന്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ടു ഹോട്ടലുകളിലും ആലുവയിലെ ഫ്ളാറ്റിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
കുറച്ച് ദിവസം മുമ്പ് ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ സമൂഹമാധ്യമത്തിലൂടെ മീടൂ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ ഒരാളാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി നേരിട്ടാണ് യുവതി പരാതി നല്‍കിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ രഹസ്യമൊഴി എടുത്തിട്ടുണ്ട്.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. യുവതിയുടെ വൈദ്യ പരിശോധനയും പൂര്‍ത്തിയാക്കി.