ഇടവേള ബാബുവിനെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി, വ്ലോഗറും സഹായിയും അറസ്റ്റിൽ

ഇടവേള ബാബുവിനെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി, വ്ലോഗറും സഹായിയും അറസ്റ്റിൽ
Published on

ഇടവേള ബാബുവിനെ അധിക്ഷേപിച്ചെന്ന പരാതിയിൽ വ്ലോഗർ കൃഷ്ണപ്രസാദും സഹായി വിവേകും അറസ്റ്റിൽ. ഇടവേള ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കാക്കനാട് സൈബർ സെല്ലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 'ഡവറയോളി' എന്ന യൂട്യൂബ് ചാനൽ വഴിയായിരുന്നു കൃഷ്ണപ്രസാദിന്റെ അധിക്ഷേപം. പ്രതികളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തന്നെയും താരസംഘടനയായ 'അമ്മ'യേയും അധിക്ഷേപിച്ചുകൊണ്ട് വീഡിയോ പ്രചരിപ്പിച്ചു എന്നായിരുന്നു ഇടവേള ബാബുവിന്റെ പരാതി.

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന സിനിമയെ കുറിച്ച് ഇടവേള ബാബു നടത്തിയ പരാമർശം വിവാദമായിരുന്നു. ഇതിന് പ്രതികരണവുമായാണ് കൃഷ്ണപ്രസാദ്‌ തന്റെ ചാനലിലൂടെ വീഡിയോ ചെയ്തത്. എന്നാൽ വിഡിയോയിൽ കൃഷ്ണപ്രസാദ്‌ തന്റെ മാതാപിതാക്കളെ വരെ അസഭ്യം പറയുന്ന നിലയുണ്ടായെന്നും അത് പൊലീസ് ഇടപെട്ട് നീക്കം ചെയ്യിച്ചെന്നും എന്നാൽ വീണ്ടും പൊലീസിനെതിരെ അസഭ്യവുമായി വീഡിയോ വന്നതോടെയാണ് സൈബർ സെല്ലിൽ പരാതി നൽകിയതെന്നും ഇടവേള ബാബു മനോരമ ന്യൂസിനോട് പറഞ്ഞു.

മുകുന്ദൻ ഉണ്ണി എന്ന സിനിമ വൻ നെഗറ്റീവാണ് എന്നായിരുന്നു ഇടവേള ബാബുവിന്റെ പരാമർശം. 'മുകുന്ദൻ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി, അതിന് എങ്ങനെ സെൻസറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ഞങ്ങൾക്കാരോടും നന്ദി പറയാനില്ല എന്ന ഡയലോഗോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാൻ ആവർത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്നതും മദ്യം കുടിക്കുന്നതും വാണിംഗ് എഴുതി കാണിക്കണം. പക്ഷേ ഈ സിനിമ കാണണം. ഫുൾ നെഗറ്റീവാണ്' ഇതായിരുന്നു ഇടവേളബാബുവിന്റെ പ്രതികരണം.

സിനിമക്കെതിരായ പരാമർശത്തെ തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഇടവേള ബാബുവിനെതിരെ പരക്കെ വിമർശനമുയർന്നിരുന്നു. താൻ പറഞ്ഞതിന്റെ ചെറിയൊരു ഭാഗം അടർത്തിയെടുത്താണ് വിമർശിക്കുന്നതെന്നായിരുന്നു ഇടവേള ബാബുവിന്റെ വിശദീകരണം. വിമർശനങ്ങളുടെ തുടർച്ചയായാണ് 'ഡവറയോളി' എന്ന യൂട്യൂബ് ചാനലിൽ അപകീർത്തികരമായ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in