വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം ശക്തമാക്കി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍. നിരവധി സമരക്കാരാണ് ഇന്ന് വിഴിഞ്ഞം തുറമുഖ കവാടത്തിലെത്തി പ്രതിഷേധിക്കുന്നത്.
തുറമുഖ നിര്‍മാണമേഖലയിലേക്കുള്ള പ്രധാന പൂട്ട് തകര്‍ത്ത സമരക്കാര്‍ പ്രദേശത്തേക്ക് അതിക്രമിച്ച് കയറി. പൊലീസ് തീര്‍ത്ത ബാരിക്കേഡുകളും സമരക്കാര്‍ തകര്‍ത്തു. നൂറുകണക്കിന് സമരക്കാര്‍ വള്ളങ്ങളിലും തുറമുഖ പ്രദേശത്തേക്ക് എത്തി പ്രതിഷേധിക്കുന്നുണ്ട്.
മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശം വളഞ്ഞ് പ്രതിഷേധിച്ചത്.
അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രദേശത്തെ കരഭാഗവും അനുബന്ധ നിര്‍മാണം നടക്കുന്ന കടലിലെ പുലിമുട്ട് മേഖലയുമാണ് സമരത്തിന്റെ ഭാഗമായി വളഞ്ഞത്. വള്ളങ്ങളിലെത്തിയ മത്സ്യത്തൊഴിലാളികളാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ലെന്നും ഈ അശാസ്ത്രീയ നിര്‍മിതി മൂലം തങ്ങളുടെ ജീവനും തൊഴില്‍ ചെയ്യാനുമുള്ള സാഹചര്യവും ഇല്ലാതാകുന്നു. ഈ പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും സമരം.
കരയും കടലും ശാസ്ത്രീയ പഠനത്തിന് വിധേയമാക്കിയ ശേഷം മാത്രം പുനരാരംഭിക്കുക, മണ്ണെണ്ണ സബ്‌സിഡി അനുവദിക്കുക, മത്സ്യത്തൊഴിലാളികള്‍ക്ക് കൃത്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങി ഏഴോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തീരദേശവാസികളുടെയും തൊഴിലാളികളുടെയും സമരം.