ആദ്യം വിദ്യാഭ്യാസം പിന്നെ ജോലി, അതുകഴിഞ്ഞ് മതി വിവാഹം; വിധി സമൂഹത്തിന് വേണ്ടിയെന്ന് വിസ്മയയുടെ അച്ഛന്‍

ആദ്യം വിദ്യാഭ്യാസം പിന്നെ ജോലി, അതുകഴിഞ്ഞ് മതി വിവാഹം; വിധി സമൂഹത്തിന് വേണ്ടിയെന്ന്  വിസ്മയയുടെ അച്ഛന്‍
Published on

വിധി സമൂഹത്തിന് വേണ്ടിയെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിലല്ല പരിഗണന നല്‍കേണ്ടത്. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ജോലി സമ്പാദിക്കാനുമാണ്. അനുഭവത്തില്‍ നിന്നാണ് പറയുന്നതെന്നും ത്രിവിക്രമന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.

''സ്ത്രീധനം ചോദിച്ച് ആര് വന്നാലും അവര്‍ക്ക് പെണ്‍കുട്ടികളെ കൊടുക്കാതിരിക്കുക. പെണ്‍കുട്ടികള്‍ക്ക് ആവശ്യമുള്ള വിദ്യാഭ്യാസവും ജോലിയും ആയതിന് ശേഷം മാത്രം വിവാഹം കഴിപ്പിക്കുക. വിവാഹം രണ്ടാമത്തെ കാര്യമാണ്. അനുഭവം ഉള്ളതുകൊണ്ടാണ് പറയുന്നത്. നാല് ദിവസം കോടതിക്ക് അകത്ത് ഇരുന്ന് ഞാന്‍ ഉരുകുകയായിരുന്നു. ആ ഗതി ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല,'' ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

വിധിയില്‍ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ സജിത പ്രതികരിച്ചു.

വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ശിക്ഷ നാളെ വിധിക്കും. സ്ത്രീധന പീഡനം നടന്നതായും ആത്മഹത്യാ പ്രേരണ തെളിഞ്ഞെന്നും കോടതി പറഞ്ഞു.

കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പറഞ്ഞത്.

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന ഭര്‍ത്താവ് കിരണ്‍ കുമാര്‍ സ്ത്രീധനത്തിന് വേണ്ടി നടത്തിയ പീഡനങ്ങള്‍ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

ഐ.പി.സി 304 (ബി), ഗാര്‍ഹിക പീഡനത്തിനെതിരെ 498 (എ), ആത്മഹത്യ പ്രേരണയ്ക്ക് എതിരായി ഐ.പി.സി 306, വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3,4 വകുപ്പുകളുമാണ് കോടതി ശരിവെച്ചത്. ഐ.പി.സി 506, 323 വകുപ്പുകള്‍ മാത്രമാണ് കോടതി തള്ളിക്കളഞ്ഞത്. കിരണ്‍ കുമാറിനെ ജയിലിലേക്ക് മാറ്റി. ശാസ്ത്രീയ വഴികളിലൂടെ നടത്തിയ അന്വേഷണത്തിനുള്ള അംഗീകാരമാണ് കോടതി വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in