വിവാഹ ഫോട്ടോയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലെ അശ്ലീല കമന്റുകളോട് പ്രതികരിച്ച് ഊര്‍ജ്ജം കളയാനില്ലെന്ന് വൈറല്‍ ഫോട്ടോയിലെ ദമ്പതികള്‍. പൊലീസില്‍ പരാതി നല്‍കില്ല. ഒന്നോ രണ്ടോ ദിവസം കൊണ്ട് ഇതെല്ലാം അവസാനിക്കുമെന്നും വരന്‍ ഋഷി കാര്‍ത്തിക് ന്യൂസ് മിനിറ്റിനോട് പറഞ്ഞു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയായ ഋഷിയുടെയും ഭാര്യ ലക്ഷ്മിയുടെയും പോസ്റ്റ് വെഡ്ഡിംഗ് ഷൂട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സെപ്റ്റംബര്‍ 16നായിരുന്നു കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുള്ള വിവാഹം. വിവാഹത്തിന് ശേഷമുള്ള ഫോട്ടോ ഷൂട്ട് വ്യത്യസ്തമാക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. വെള്ള ഷീറ്റ് പുതച്ചു നില്‍ക്കുന്ന ലക്ഷ്മിയുടെയും ഋഷിയുടെയും ഫോട്ടോയാണ് വൈറലായത്. ഷോള്‍ഡറും കാലുകളും കാണുന്നതിനെതിയായിരുന്നു കമന്റുകള്‍. സോഷ്യല്‍ മീഡിയയിലെ കമന്റുകളേക്കാള്‍ സഭ്യത തങ്ങളുടെ ഫോട്ടോയ്ക്കുണ്ടെന്നും ദമ്പതികള്‍ ന്യൂസ് 18നോട് പറഞ്ഞു.
ഋഷിയുടെ കുടുംബ സുഹൃത്തുകൂടിയായ അഖില്‍ കാര്‍ത്തികേയനാണ് ചിത്രങ്ങളെടുത്തത്. വിവാഹത്തിന്റെ ഫോട്ടോകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോകളാണ് വൈറലായത്. ഇതോടെ അശ്ലീല കമന്റുകളും ട്രോളുകളും വന്നു.
വസ്ത്രങ്ങള്‍ ധരിച്ചാണ് ഫോട്ടോ ഷൂട്ട് നടത്തിയതെന്ന് ഋഷി പറയുന്നു. വാഗമണിലായിരുന്നു ഷൂട്ട്. ഫോട്ടോഗ്രാഫറുടെ കഴിവ് കൊണ്ടാണ് ആ രീതിയില്‍ ചിത്രങ്ങളെടുത്തത്. ഫോട്ടോയ്ക്ക് കീഴില്‍ അശ്ലീല കമന്റുകള്‍ വന്നപ്പോള്‍ തുടക്കത്തില്‍ പ്രതികരിച്ചിരുന്നുവെന്ന് ദമ്പതികള്‍ പറയുന്നു. പിന്നീട് അവഗണിക്കുകയായിരുന്നു. ഫേസ്ബുക്കില്‍ അശ്ലീല കമന്റുകളും അധിക്ഷേപങ്ങളുമായിരുന്നെങ്കില്‍ ഇതേ ഫോട്ടോകള്‍ക്ക് ഇന്‍സ്റ്റാഗ്രാമിലെ പ്രതികരണം മറിച്ചായിരുന്നുവെന്നും ദമ്പതികള്‍ പറയുന്നു.