‘എന്താ എന്നെ വിട്ട് പോയെതെടീ, എണീക്ക്, കണ്ണുതുറക്ക്’ ; ഒടുവില്‍ ചേതനയറ്റ പ്രിയതമയ്ക്കരികില്‍ ഹൃദയം തകര്‍ന്ന് വിജയകുമാര്‍
എന്റെ മുത്തേ, എന്താ എന്നെ വിട്ടുപോയതെടീ, ഒന്നെണീക്ക്, കണ്ണുതുറക്ക്, പ്രിയതമയുടെ നെറ്റിയില്‍ ഉമ്മ നല്‍കിയും കവിളില്‍ തലോടിയും വിജയകുമാര്‍ പറഞ്ഞുകൊണ്ടിരുന്നു. ചേതനയറ്റ പ്രിയതമയ്ക്കരികില്‍ നെഞ്ചിടിഞ്ഞുള്ള വിജയകുമാറിന്റെ നിലവിളി കണ്ടുനിന്നവര്‍ക്ക് സഹിക്കാവുന്നതായിരുന്നില്ല. പാലക്കാട് ചന്ദ്രഗനര്‍ വൈദ്യുതി ശ്മശാനത്തിന്റെ മുറ്റത്ത് കൂട്ടക്കരച്ചിലുയര്‍ന്നു. വാവിട്ടുകരയുന്ന വിജയകുമാറിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കള്‍ കുഴങ്ങി. കൊല്ലങ്കോട് ആനമാറി വടുകമ്പാടത്ത് വിജയകുമാറിന്റെ ഭാര്യ ഗീത മെയ് 9 നാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. വിജയകുമാര്‍ ദുബായിലായിരിക്കെയായിരുന്നു ഗീതയുടെ വിയോഗം. കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ആയതിനാല്‍ നാട്ടിലെത്താനാകാതെ വിജയകുമാര്‍ ദുബൈയില്‍ കുടുങ്ങി. വന്ദേ ഭാരത് മിഷന്‍ ആരംഭിച്ചെങ്കിലും ടിക്കറ്റ് ലഭിക്കാതെ വിജയകുമാര്‍ പ്രയാസത്തിലായി. ആ വേദന നാടിന്റെ നൊമ്പരമായി. താന്‍ വന്നശേഷമേ ഗീതയുടെ സംസ്‌കാരം നടത്താവൂവെന്ന് വിജയകുമാര്‍ ബന്ധുക്കളെയും നാട്ടിലുള്ള സുഹൃത്തുക്കളെയും അറിയിച്ചിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിട്ടും വിജയകുമാറിന് ടിക്കറ്റ് ലഭിക്കാന്‍ വൈകി. ഇതോടെ ഗീതയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. വിജയകുമാറിനെ നാട്ടിലെത്തിക്കാന്‍ പലവിധ ശ്രമങ്ങള്‍ ഇതിനിടെ നടന്നുവരുന്നുണ്ടായിരുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ വേദന അധികൃതര്‍ കണ്ടു. മെയ് 16 ന് ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തില്‍ ടിക്കറ്റ് കിട്ടി. ശനിയാഴ്ച വൈകീട്ടോടെ വിമാനമിറങ്ങി. രാത്രി ഒമ്പതോടെ വീട്ടിലെത്തി. വിദേശത്തുനിന്നെത്തിയതിനാല്‍ വിജയകുമാര്‍ ക്വാറന്റൈനിലായി. ഞായറാഴ്ച രാവിലെ വൈദ്യുതി ശ്മശാനത്തില്‍ വെച്ച് മൃതദേഹം കാണാനാണ് അവസരമൊരുങ്ങിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം 108 ആംബുലന്‍സില്‍ വൈദ്യുത ശ്മശാനത്തിലെത്തി.അല്‍പ്പം കഴിഞ്ഞപ്പോള്‍ ഗീതയുടെ മൃതദേഹവുമായുള്ള ആംബുലന്‍സും എത്തി. വിജയകുമാറിനും ബന്ധുക്കള്‍ക്കും അവസാനമായി കാണാനായി മൃതദേഹം ശ്മശാനകവാടത്തില്‍ വെച്ചു. ചേതനയറ്റ പ്രിയതമയെ കണ്ട് വിജയകുമാര്‍ വിങ്ങിപ്പൊട്ടി.ദമ്പതിമാര്‍ക്ക് മക്കളില്ല. പ്രായമായ അമ്മ മാധവിയാണ് വിജയകുമാറിന് ഇനി താങ്ങായുള്ളത്.