ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. പരാതിക്കാരി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നും പൊലീസ് മാധ്യമങ്ങളുമായി ഒത്തുകളിക്കുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സിനിമയില്‍ അവസരം ലക്ഷ്യമിട്ടാണ് പരാതിക്കാരി അടുത്തത്. വാട്‌സ് ആപ്പ് ചാറ്റും ചിത്രങ്ങളും കൈമാറാന്‍ തയ്യാറാണ്. തന്നെ അറസ്റ്റ് ചെയ്ത് പ്രശ്‌നം തീര്‍ക്കാനാണ് പൊലീസ് ശ്രമമെന്നും വിജയ് ബാബുവിന്റെ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിച്ചേക്കും.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനംചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റില്‍വെച്ച് നിരവധിതവണ ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിലാണ് വിജയ് ബാബുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസില്‍ പരാതിക്കാരിയായ നടിയും വിജയ് ബാബുവും കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത് സാധൂകരിക്കുംവിധമുള്ള സാക്ഷിമൊഴികളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തീയതികളില്‍ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴി. മയക്കുമരുന്നും മദ്യവും നല്‍കി അര്‍ധബോധാവസ്ഥയില്‍ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടി നല്‍കിയ പരാതിയിലുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളും സാക്ഷിമൊഴികളുമാണ് പൊലീസ് ലഭിച്ചത്. ഇപ്പറഞ്ഞ സ്ഥലങ്ങളിലെല്ലാം പരാതിക്കാരിയുമായി പോലീസ് രഹസ്യമായി തെളിവെടുപ്പ് നടത്തിയിരുന്നു.
ചലച്ചിത്ര പ്രവര്‍ത്തകര്‍ അടക്കം എട്ട് സാക്ഷികളുടെ മൊഴി എടുത്തു. കൂടുതല്‍ സാക്ഷികളുടെ മൊഴികളും ഇന്ന് രേഖപ്പെടുത്തും. ഏപ്രില്‍ 24നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. കേസെടുത്ത് അന്വേഷണം തുടങ്ങിയതറിഞ്ഞ് വിദേശത്തേക്ക് കടക്കുകയായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ് നല്‍കിയിട്ടുണ്ട്.