അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് നടപടി.
വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് സുധാകരനെതിരെ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്.
കണ്ണൂര്‍ ഡി.സി.സി ഓഫീസ് നിര്‍മ്മാണം, കെ. കരുണാകരന്‍ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് കെ. സുധാകരന്‍ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് പരാതി. 2010ല്‍ കെ. കരുണാകരന്റെ മരണത്തിനു ശേഷമാണ് കെ. സുധാകരന്‍ ചെയര്‍മാനായി കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റ് രൂപീകരിച്ചത്.
കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റ് ചിറക്കല്‍ രാജാസ് ഹൈസ്‌ക്കൂള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പിരിച്ച കോടിക്കണക്കിന് രൂപ സുധാകരന്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
കണ്ണൂര്‍ എഡ്യു പാര്‍ക്കിന്റെ പേരിലും സുധാകരന്‍ കോടികള്‍ സമ്പാദിച്ചുവെന്നും ആറ് കോടിയോളം ചെലവഴിച്ച് സുധാകരന്‍ നിര്‍മ്മിച്ച് വീടിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.
പ്രാഥമിക അന്വേഷണത്തില്‍ സുധാകരനെതിരെ നിര്‍ണായക ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതേസമയം കെ.പി.സി.സി അധ്യക്ഷനെതിരായുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.