ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു
Published on

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അണുബാധയെ തുടർന്ന് ഒരാഴ്ചയായി ഐ.സി.യു വിലായിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് നിലമ്പൂർ മുക്കട്ട വലിയപള്ളി ജുമാ മസ്ജിദിൽ ഖബറടക്കം നടക്കും.

എഴുപത് വർഷം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ നാല് തവണ മന്ത്രിസഭയിൽ അംഗവും, എട്ട് തവണ എം.എൽ.എയും ആയിട്ടുണ്ട്. 1980 ൽ ഇടതുപക്ഷത്തോടൊപ്പം നായനാർ മന്ത്രിസഭയിൽ വനം ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു. 1995 ലെ എ.കെ ആന്റണി മന്ത്രിസഭയിൽ ടൂറിസം വകുപ്പും, 2005 , 2011 ഉമ്മൻ‌ചാണ്ടി മന്ത്രിസഭകളിൽ വൈദ്യുതി വകുപ്പും കൈകാര്യം ചെയ്തു. മലപ്പുറം ജില്ലയിൽ നിന്നും കോൺഗ്രസിന്റെ നേതൃ നിരയിലേക്കെത്തിയ ആര്യാടൻ മുഹമ്മദ് മുന്നണിയിലെ തന്നെ പ്രധാന കക്ഷിയായ മുസ്ലിം ലീഗിനെ നിരന്തരം വിമർശിക്കുന്നത് മുന്നണിക്കുള്ളിൽ തന്നെ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം നിലപാടുകളിൽ നിന്ന് പിന്നോട്ട് പോയിട്ടില്ല. 2011ലാണ് അദ്ദേഹം അവസാനമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്.

1935 ൽ ആര്യാടൻ ഉണ്ണീന്റെയും കദിയുമ്മയുടെയും മകനായി നിലമ്പൂരിൽ ജനനം. നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക്. 1960 ൽ കോഴിക്കോട് ഡി.സി.സി സെക്രട്ടറിയായി. 1962 ൽ കെ.പി.സി.സി അംഗമാവുകയും, മലപ്പുറം ജില്ലയുടെ രൂപീകരണത്തിന് ശേഷം 1969 ൽ മലപ്പുറം ഡി.സി.സി പ്രെസിഡന്റാവുകയും ചെയ്തു. 1978 മുതൽ കെ.പി.സി.സി സെക്രട്ടറിയായി.

1987 മുതല്‍ 2011വരെ എല്ലാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1969-ല്‍ കുഞ്ഞാലി വധക്കേസില്‍ പ്രതിയായി ജയിൽ വാസമനുഭവിച്ചു. പിന്നീട് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in