ആ ഐറ്റങ്ങള്‍ എവിടെ പോയെന്നു ചോദിച്ചു, പൊലീസ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് വീണ നായര്‍

ആ ഐറ്റങ്ങള്‍ എവിടെ പോയെന്നു ചോദിച്ചു, പൊലീസ് സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് വീണ നായര്‍
Published on

അനുപമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് കേരള പൊലീസില്‍ നിന്നും ദുരനുഭവം ഉണ്ടായെന്ന് ആരോപണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. വീണ എസ്. നായരാണ് തനിക്കും സഹപ്രവര്‍ത്തകര്‍ക്കും കേരള പൊലീസില്‍ നിന്നും മോശം അനുഭവം ഉണ്ടായതായി വെളിപ്പെടുത്തിയത്.

ഒക്‌ബോര്‍ 26നായിരുന്നു വീണ നായരും മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരും നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. എന്നാല്‍ അറസ്റ്റു ചെയ്ത് കൊണ്ടു പോയ പൊലീസ് തങ്ങളെ 'ഐറ്റം' എന്നാണ് വിളിച്ചതെന്ന് വീണ പറയുന്നു. മാര്‍ച്ചിനിടെ പരിക്കേറ്റ തങ്ങള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും വീണ പറഞ്ഞു.

''പോലീസ് സ്റ്റേഷനില്‍ എത്തിയ ഉടനെ ഞങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ചു. മുറിവ് സെപ്റ്റിക്ക് ആകാന്‍ സാധ്യതയുണ്ട് എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്ന് കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ വീണ്ടും വീണ്ടും അഭ്യര്‍ത്ഥിച്ചു കൊണ്ടിരിന്നു. എന്നാല്‍ രാഷ്ട്രീയ തിമിരം ബാധിച്ച ഇവര്‍ക്ക് എന്ത് മുനുഷ്യത്വം.അതിനിടെ അഖിലയ്ക്കും എനിക്കും തലകറക്കം ഉണ്ടായി. ഒരു ഗ്ലാസ് വെള്ളം പോലും തരാന്‍ അവര്‍ കൂട്ടാക്കിയില്ല.

കന്റോന്‍മെന്റ് സി. ഐ ഉച്ചത്തില്‍ അതിലധികം പുച്ഛത്തോടെ എന്റെ ഭര്‍ത്താവിന്റെ മുന്‍പില്‍ വച്ച് അടുത്ത് നിന്ന കീഴുദ്യോഗസ്ഥനോട് ചോദിച്ചു ' ഇപ്പോള്‍ കൊണ്ടുവന്ന 'ഐറ്റങ്ങള്‍' എവിടെപ്പോയി?' എന്ന്. അപ്പോള്‍ ആ പോലീസുകാരന്‍ പറഞ്ഞു, 'ഒരാളെ ഡ്രസ്സ് ചെയ്യാന്‍ കൊണ്ടുപോയി, മറ്റയാള്‍ അവിടെ ഡ്രിപ് ഇട്ടു കിടപ്പുണ്ട് '. ഇത് ഭര്‍ത്താവ് പറയുന്നതിനിടക്ക് വനിതാ പോലീസുകാര്‍ എന്നെ വന്നു പിടിച്ചു കൊണ്ടുപോയി,'വീണ നായര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ ടി സിദ്ദീഖ് കെ.എം അഭിജിത്ത് എന്നിവരുള്‍പ്പെട്ട ഇടപെടലിനെ തുടര്‍ന്നാണ് പൊലീസ് ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായതെന്നും വീണ പറഞ്ഞു.

വനിതാ മുന്നേറ്റവും സ്ത്രീ ശാക്തീകരണവും നാഴികയ്ക്ക് നാല്പത് വട്ടം പറയുന്ന ഈ സര്‍ക്കാരിന്റെ കീഴിലുള്ള ആഭ്യന്തര വകുപ്പ് എന്ത് സ്ത്രീ സുരക്ഷാ സന്ദേശമാണ് നല്‍കുന്നതെന്നും വീണ ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in