പ്രസവിച്ച് മൂന്നാം ദിവസം അനുമതിയില്ലാതെ കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ വിട്ടു വീഴ്ച വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കുഞ്ഞിനെ അമ്മയ്ക്ക് നല്‍കുക എന്നതാണ് അഭികാമ്യമെന്നും വീണാ ജോര്‍ജ് പറഞ്ഞു. 2021 എപ്രിലില്‍ അമ്മ പരാതി നല്‍കിയതായി മനസിലാക്കുന്നുണ്ട്. അമ്മ തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ടതില്‍ ഒരു കുഞ്ഞ് ഡി.എന്‍.എ പരിശോധനയിലൂടെ ഇവരുടേതല്ലെന്ന് മനസിലാക്കിയിട്ടുണ്ടെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോധിക്കുമെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിന്റെ അമ്മയുടെ ആവശ്യവും അവരുടെ വേദനയും സര്‍ക്കാര്‍ കാണും.
അമ്മയ്ക്ക് നീതി ലഭിക്കുന്ന വിധത്തിലുള്ള ഇടപെടല്‍ തന്നെ ഉറപ്പാക്കും. അമ്മതൊട്ടിലില്‍ കുഞ്ഞിനെ കണ്ടെടുത്തതു മുതല്‍ അസ്വഭാവികമായി എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതും പരിശോധിക്കുമെന്നും വീണാ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി അനുപമ നല്‍കിയ പരാതിയില്‍ അനുപമയുടെ അച്ഛനും പേരൂര്‍ക്കട സി.പി.ഐ.എം നേതാവുമായ ജയചന്ദ്രന്‍, അമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
2020 ഒക്ടോബറിലാണ് അനുപമ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഒരു വയസ് പൂര്‍ത്തിയായി അനുപമയുടെ കുഞ്ഞിന്. പക്ഷെ മൂന്ന് ദിവസം മാത്രം കണ്ട കുഞ്ഞിനുവേണ്ടി ആറുമാസമായി അലയുകയാണ് അനുപമ. വിവാഹിതയാകാതെ ഗര്‍ഭം ധരിച്ചതുമൂലമാണ് തന്റെ പക്കല്‍ നിന്നും ജനിച്ച് മൂന്നാം ദിവസം കുഞ്ഞിനെ വീട്ടുകാര്‍ മാറ്റിയതെന്നാണ് അനുപമ പറയുന്നത്.
പ്രസവ ശേഷം ഒക്ടോബര്‍ 22ന് ആശുപത്രിയില്‍ നിന്ന് വരുന്ന വഴി സഹോദരിയുടെ വിവാഹ ശേഷം കുഞ്ഞിനെ തിരികെ തരാമെന്ന് വാഗ്ദാനം ചെയ്താണ് തന്റെ പക്കല്‍ നിന്ന് കുഞ്ഞിന് ബലമായി പിടിച്ചുവാങ്ങിയതെന്ന് അനുപമ ദ ക്യുവിനോട് പറഞ്ഞു.