ആംബുലന്‍സിലെ പീഡനം:അധികൃതര്‍ക്ക് വീഴ്ച; ആംബുലന്‍സ് അയക്കാന്‍ 13 മണിക്കൂര്‍ വൈകിയെന്ന് വീണാ ജോര്‍ജ്ജ് എംഎല്‍എ

ആംബുലന്‍സിലെ പീഡനം:അധികൃതര്‍ക്ക് വീഴ്ച; ആംബുലന്‍സ് അയക്കാന്‍ 13 മണിക്കൂര്‍ വൈകിയെന്ന് വീണാ ജോര്‍ജ്ജ് എംഎല്‍എ
Published on

ആറന്‍മുളയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ആംബുലന്‍സിന് കാത്തിരുന്നത് 13 മണിക്കൂറെന്ന് വീണാ ജോര്‍ജ്ജ് എംഎല്‍എ. കൊവിഡ് സ്ഥിരീകരിച്ചവരുടെ സംസ്ഥാനതല പട്ടിക രാവിലെ ലഭിച്ചിട്ടും ആംബുലന്‍സ് അയക്കുന്നതില്‍ ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വീഴ്ച വരുത്തി. ഇത് അന്വേഷിക്കണമെന്നും വീണാ ജോര്‍ജ്ജ് എംഎല്‍എ ആവശ്യപ്പെട്ടു.

ജില്ലാതല പട്ടിക രാവിലെ 9.47ന് തയ്യാറാക്കിയിരുന്നു. എന്നിട്ടും രാത്രി 11 മണി വരെ ആംബുലന്‍സ് അയച്ചില്ല. ഇതില്‍ ജില്ലാതലത്തില്‍ കോര്‍ഡിനേറ്റ് ചെയ്യുന്നവര്‍ക്ക് വീഴ്ച സംഭവിച്ചു. കൊവിഡ് ചികിത്സ കേന്ദ്രത്തില്‍ എത്താന്‍ മൂന്ന് മണിക്കൂര്‍ വൈകിയിട്ടും ചുമതലപ്പെട്ടവര്‍ അന്വേഷിച്ചില്ല. ഇവിടേക്ക് എത്താന്‍ 10 മിനിറ്റ് മാത്രമാണ് വേണ്ടിയിരുന്നത്. ഉത്തരവാദിത്വപ്പെട്ടവര്‍ ഉത്തരം പറയണമെന്നും വീണാ ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

ജില്ലയില്‍ 31 സര്‍ക്കാര്‍ ആംബുലന്‍സുകളും 108 ആംബുലന്‍സുകള്‍ 18 എണ്ണവും 6 സ്വകാര്യ ആംബുലന്‍സുകളും ഉണ്ട്. കൂടുതലെണ്ണം ആവശ്യമായിരുന്നെങ്കില്‍ ജില്ലാ ഭരണകൂടത്തിന് ഏറ്റെടുക്കാമായിരുന്നു. ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നതിലെ പിഴവുകളാണ് ഇത് കാണിക്കുന്നതെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

അടൂരില്‍ നിന്നുള്ള ഇരുപതുകാരിയാണ് പീഡനത്തിന് ഇരയായത്. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആറന്‍മുള വിമാനത്താവളത്തിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് വെച്ചാണ് പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ പന്തളത്തെ ചികിത്സാ കേന്ദ്രത്തിലും ഒപ്പമുണ്ടായിരുന്ന 42കാരിയെ കോഴഞ്ചേരി ആശുപത്രിയിലും എത്തിക്കാനായിരുന്നു ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. അടൂരിന് അടുത്തുള്ള പന്തളത്ത് പെണ്‍കുട്ടിയെ ഇറക്കാതെ 18 കിലോമീറ്റര്‍ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയിലേക്ക് ആംബുലന്‍സ് പോയി. 42കാരിയെ അവിടെ ഇറക്കിയതിന് ശേഷമാണ് പന്തളത്തേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയത്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ പന്തളത്തെ ആശുപത്രിയിലെത്തിച്ച് പ്രതി നൗഫല്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി വിവരം അറിയിച്ചതിന് പിന്നാലെയാണ് നൗഫലിനെ പിടികൂടിയത്. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in