യോ​ഗി കേരളത്തെ പ്രതിപക്ഷമായി ചിത്രീകരിക്കുന്നതിന് പിന്നിൽ ഭയം, മഹാപോരാട്ടങ്ങൾ ഇന്ത്യ ഇടതിനെ ഏൽപ്പിച്ചിരിക്കുന്നുവെന്ന് വീണ ജോർജ്

യോ​ഗി കേരളത്തെ പ്രതിപക്ഷമായി ചിത്രീകരിക്കുന്നതിന് പിന്നിൽ ഭയം, മഹാപോരാട്ടങ്ങൾ ഇന്ത്യ ഇടതിനെ ഏൽപ്പിച്ചിരിക്കുന്നുവെന്ന് വീണ ജോർജ്
Published on

യുപി മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ കേരളത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടിയേയും പ്രതിപക്ഷമായി ചിത്രീകരിക്കുന്നതിന് പിന്നിൽ അവരുടെ ഭയമാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്.

ഇക്കാലവും ഇന്ത്യൻ ജനതയും മഹാപോരാട്ടങ്ങൾ നടത്താനുള്ള ഉത്തരവാദിത്തം ഇടതുപക്ഷത്തെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും മന്ത്രി. പത്തനം തിട്ടയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തോട് മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണ യോ​ഗത്തിലായിരുന്നു മന്ത്രിയുടെ പരാമർശം.

കേരളം കലാപഭൂമി തന്നെയെന്ന് ഉത്തർപ്രദേശ് അഞ്ചാം ഘട്ട പോളിങ്ങിന് മുന്നോടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ആവർത്തിച്ചിരുന്നു. കേരളത്തിൽ അക്രമരാഷ്ട്രീയമാണ്. ജനങ്ങൾക്ക് ശാന്തിയും സമാധാനവുമില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

ഉത്തർപ്രദേശിൽ കലാപവും ​​ഗുണ്ടാവിളയാട്ടവുമില്ല. ഓരോ വ്യക്തിയുടെയും ജീവന് യുപി സർക്കാർ സുരക്ഷ ഉറപ്പ് നൽകുന്നതായും ആദിത്യനാഥ് അവകാശപ്പെട്ടു.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്ന ദിവസം സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കിൽ യുപി കേരളം പോലെയാകുമെന്ന ആദിത്യനാഥിന്റെ പരാമർശം വലിയ വിവാദമായിരുന്നു. യുപി മുഖ്യമന്ത്രിക്ക് മറുപടി നൽകികൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രം​ഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിലും ആദിത്യനാഥ് പരാമർശങ്ങൾ ആവർത്തിച്ചിരുന്നു. കേരളത്തിൽ അക്രമരാഷ്ട്രീയമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിമർശനം.

Related Stories

No stories found.
logo
The Cue
www.thecue.in