ടീച്ചര്‍മാരെ എഴുതി മടുത്തൂന്ന് കുഞ്ഞുങ്ങള്‍ പറയുന്നത് കേള്‍ക്കണേ, അഭയ് കൃഷ്ണയെ വിളിച്ച് വിഡി സതീശന്‍

ടീച്ചര്‍മാരെ എഴുതി മടുത്തൂന്ന് കുഞ്ഞുങ്ങള്‍ പറയുന്നത് കേള്‍ക്കണേ, അഭയ് കൃഷ്ണയെ വിളിച്ച് വിഡി സതീശന്‍
Published on

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ക്ലാസില്‍ നിരന്തരം ഏഴുതാന്‍ ഹോം വര്‍ക്ക് തരുന്ന ടീച്ചര്‍മാരോട് അഭ്യര്‍ത്ഥനയുമായെത്തിയ ആറാം ക്ലാസുകാരന്‍ അഭയ് കൃഷ്ണയെ നേരിട്ട് വിളിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പഠിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും എന്നാല്‍ ഫോണിലൂടെ നല്‍കുന്ന ഹോം വര്‍ക്കുകളുടെ അമിതഭാരം പഠനത്തെതന്നെ വെറുത്തുപോവുന്നതിന് കാരണമാകുമെന്നും വീഡിയോയിലൂടെ പറഞ്ഞതിന് പിന്നാലെയാണ് അഭയ് സമൂഹമാധ്യമങ്ങളില്‍ താരമായത്‌ അഭയിയെ വിളിച്ച ശേഷം കേരളത്തിലെ ടീച്ചര്‍മാര്‍ ഈ കൊച്ചുമിടുക്കന്‍ പറയുന്നത് കേള്‍ക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

അതേയ് കേരളത്തിലെ ടീച്ചര്‍ മാരേ, ഈ കൊച്ചു മിടുക്കന്‍ പറയുന്നതൊന്നു കേട്ടോളൂ. ഇന്നലെ ഈ മിടുമിടുക്കനോട് ഞാന്‍ സംസാരിച്ചു. അഭയ് കൃഷ്ണയെന്നാണ് പേര്. ആറാം ക്‌ളാസിലാ പഠിക്കുന്നത്. വയനാട് ചേലോട് HIM യു.പി.സ്‌ക്കൂളില്‍. ചോദ്യം കേട്ടല്ലോ! എന്താ ടീച്ചര്‍മാരേ , ഈ പഠിത്തം , പഠിത്തം എന്നു വെച്ചാല്‍? ഇങ്ങനെ എഴുതാന്‍ അസൈന്‍മെന്റ് തരരുതേ ... ഇതാണ് അഭയ് പറയുന്നത്. പഠിക്കാന്‍ ഇഷ്ടമാണെന്നു പറയുന്ന അഭയ് കൃഷ്ണയുടെ വാക്കുകളിലുണ്ട് ലോക്ക് ഡൗണ്‍ കാലത്ത് വീടിനുള്ളില്‍ തന്നെയായി , സ്‌ക്കൂളിലും പോകാനാകാതെ , കളിക്കാന്‍ പോകാനുമാകാതെ, കൂട്ടുകാര്‍ക്കൊപ്പം കുറുമ്പുകാട്ടാനാകാതെ കുടുങ്ങിയ നമ്മുടെ കുഞ്ഞുങ്ങളുടെ മുഴുവന്‍ വേവലാതി. ടീച്ചറും സ്‌കൂളും പരീക്ഷയും അസൈന്‍മെന്റും എല്ലാം ഒരു മൊബയ്ല്‍ ഫോണിലേക്ക് ഒതുങ്ങി. എന്താ പാവം കുഞ്ഞുങ്ങള്‍ ചെയ്യുക? എന്നിട്ടും അഭയ് കൃഷ്ണയെ പോലുള്ള കുഞ്ഞോമനകള്‍ പുതിയ സാഹചര്യവുമായിട്ട് ഇണങ്ങി. എത്ര നല്ല കുഞ്ഞുങ്ങളായാണ് അവര്‍ നാടിന്റെ സ്ഥിതിക്കൊപ്പം പെട്ടെന്ന് അഡ്ജസ്റ്റ് ചെയ്തത്. നമുക്ക് ഈ കഠിനകാലത്ത് അവര്‍ക്കൊപ്പം നില്‍ക്കാം - കൂട്ടായും കരുതലായും.

എന്നാലും എന്റെ ടീച്ചര്‍മാരേ ഇത്രയധികം അസൈന്‍മെന്റൊന്നും കൊടുക്കല്ലേ, ഒരു പാട് പഠിച്ചും എഴുതിയും മടുത്തുന്ന് കുഞ്ഞുങ്ങള്‍ പറയുന്നത് കേള്‍ക്കണേ !

കുവൈറ്റില്‍ ജോലി ചെയ്യുന്ന ഗിരീഷിന്റേയും ഹനുഷയുടെയും മകനാണ് അഭയ് കൃഷ്ണ . സ്‌നേഹം , ആശംസകള്‍ പ്രിയപ്പെട്ട അഭയ് . ഇനി വയനാട്ടില്‍ വരുമ്പോള്‍ നേരിട്ടു കാണാം .

Related Stories

No stories found.
logo
The Cue
www.thecue.in