സത്യപ്രതിജ്ഞാ ലംഘനം, സജി ചെറിയാന്‍ രാജിവെക്കണമെന്ന് വി.ഡി. സതീശന്‍

സത്യപ്രതിജ്ഞാ ലംഘനം, സജി ചെറിയാന്‍ രാജിവെക്കണമെന്ന് വി.ഡി. സതീശന്‍
Published on

ഭരണഘടന രാജ്യത്തെ സാധാരണക്കാരെ ചൂഷണം ചെയ്യാന്‍ പാകത്തിലുള്ളതാണെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സജി ചെറിയാന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹം രാജിവെക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

ഭരണഘടനയോട് കൂറ് കാണിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഒരു മന്ത്രി ഒരു അടിസ്ഥാനവുമില്ലാതെ ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഡോ. അംബേദ്കര്‍ അടക്കമുള്ള ഭരണഘടനാ ശില്‍പികളെയും അപമാനിച്ചിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

'മന്ത്രി സജി ചെറിയാന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഭരണഘടനയോട് കൂറ് കാണിക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന ഒരു മന്ത്രി ഒരു അടിസ്ഥാനവുമില്ലാതെ ഇന്ത്യന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. മാത്രമല്ല, ഭരണഘടനാ ശില്‍പികളെ, ഡോ. അംബേദ്കര്‍ അടക്കമുള്ള ആളുകളെ അപമാനിച്ചിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ എഴുതിക്കൊടുത്ത ഭരണഘടനയാണ് ഇന്ത്യക്കാര്‍ പകര്‍ത്തി എഴുതിയിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ജനാധിപത്യവും മതേതരത്വവും കുന്തവും കൊടച്ചക്രവുമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അത്ര മോശമായി ആണ് പ്രതികരിച്ചത്. ഇന്ത്യയിലെ ഭരണഘടന ഇന്ത്യയിലെ ജനങ്ങളെ ചൂഷണം ചെയ്യുകയാണ് എന്നാണ് പറഞ്ഞത്. അദ്ദേഹം രാജിവെക്കണം. ഇല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണം. പുറത്താക്കിയില്ലെങ്കില്‍ ഞങ്ങള്‍ നിയമപരമായ വഴികള്‍ തേടും,' വി.ഡി. സതീശന്‍.

മല്ലപ്പള്ളിയില്‍ പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന സി.പി.ഐ.എം പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവെച്ചു. ഗുണമെന്ന് പറയാന്‍ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം എന്നെല്ലാം എഴുതി വെച്ചിട്ടുണ്ട് എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ഭരണഘടനയാണിതെന്നും സജി ചെറിയാന്‍ പറഞ്ഞു.

'മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിട്ടുള്ളത് എന്ന് നമ്മളെല്ലാം പറയും. എന്നാല്‍ ഞാന്‍ പറയുന്നത്, ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവെച്ചു. രാജ്യത്ത് ഏറ്റവും മനോഹരമായി കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവെച്ചിട്ടുള്ളത്. മുക്കും മൂലയും ഒക്കെ അരിച്ച് ചില ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം ജനാധിപത്യം, കുന്തം കൊടച്ചക്രം ഒക്കെ അതിന്റെ സൈഡില്‍ എഴുതി വെച്ചിട്ടുണ്ട്. കൃത്യമായി ചൂഷണം ചെയ്യാന്‍ പറ്റുന്ന ഒന്നാണിത്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാട് ആണ് ഇന്ത്യ. 1957ല്‍ ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ അന്ന് പറഞ്ഞ ഒരു കാര്യം തൊഴില്‍ നിയമങ്ങള്‍ സംരക്ഷിക്കണം എന്നാണ്. കൂലി ചോദിക്കാന്‍ കഴിയില്ലായിരുന്നു അക്കാലത്ത്. ചോദിച്ചാല്‍ അന്ന് നടുവൊടിക്കുമായിരുന്നു. അപ്പോള്‍ അന്ന് ചൂഷണത്തെ ഏറ്റവും കൂടുതല്‍ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയില്‍. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരന്‍മാരും ഇന്ത്യയില്‍ വളരുന്നത്,' സജി ചെറിയാന്‍ പറഞ്ഞു.

ന്യായമായ കൂലി ചോദിക്കാന്‍ പറ്റുന്ന സ്ഥിതിയില്ലെന്നും കോടതിയില്‍ പോയാല്‍ പോലും മുതലാളിമാര്‍ക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാകുക എന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.

തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാവുന്നത് ഈ ഭരണഘടനാ നിയമങ്ങള്‍ രാജ്യത്ത് നടപ്പിലാക്കുന്നത് കൊണ്ടാണ്. എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം എന്നതൊക്കെ ഇല്ലാതായി. ഇവര്‍ക്ക് ഈ ഭരണഘടന സംരക്ഷണം നല്‍കുന്നുണ്ടോ എന്നും സജി ചെറിയാന്‍ ചോദിച്ചു.

നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. കൂലികിട്ടാത്ത കാര്യം ചോദ്യം ചെയ്ത് കോടതിയില്‍ പോയാല്‍ ആദ്യം ചോദിക്കുന്നത് എന്തിനാണ് സമരം ചെയ്തത് എന്നാണെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in