ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലും തന്ന പേരുകള്‍ വീതിക്കാന്‍ ഞങ്ങള്‍ വേണോ? നേതൃത്വം മാറിയത് മനസിലാക്കണമെന്ന് വി.ഡി. സതീശന്‍

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലും തന്ന പേരുകള്‍ വീതിക്കാന്‍ ഞങ്ങള്‍ വേണോ? നേതൃത്വം മാറിയത് മനസിലാക്കണമെന്ന് വി.ഡി. സതീശന്‍
Published on

ഡി.സി.സി അധ്യക്ഷപ്പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തിയ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തന്ന പേരുകള്‍ തുല്യമായി വീതം വെയ്ക്കാനായിരുന്നെങ്കില്‍ തങ്ങള്‍ ഈ സ്ഥാനത്ത് ഇരിക്കേണ്ടതില്ലെന്നാണ് സതീശന്‍ പറഞ്ഞത്.

ചര്‍ച്ച നടത്തിയില്ലെന്ന ഉമ്മന്‍ചാണ്ടിയുടെ വാദം തെറ്റാണെന്നും മുമ്പ് ഇല്ലാത്ത വണ്ണം ഇത്തവണ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

'എല്ലാവരെയും തൃപ്തിപ്പെടുത്തി ലിസ്റ്റ് പ്രഖ്യാപിക്കാന്‍ പറ്റില്ല. താരീഖ് അന്‍വറും രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും നല്‍കിയ പേരുകള്‍ അതുപോലെ കൊടുക്കാനാണെങ്കില്‍ ഞങ്ങള്‍ ഈ സ്ഥാനത്ത് ഇരിക്കേണ്ടതില്ലല്ലോ. ഇപ്പോള്‍ പുറത്ത് വന്ന ലിസ്റ്റിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞാനും സുധാകരനും ഏറ്റെടുക്കുന്നു,' വി.ഡി. സതീശന്‍ പറഞ്ഞു.

സാമ്പ്രദായിക രീതിയില്‍ നിന്ന് കോണ്‍ഗ്രസിനെ തിരിച്ചു കൊണ്ടുവരാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ഒരു വിവാദത്തിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.പി അനില്‍കുമാറിന്റെയും കെ ശിവദാസന്‍ നായരുടെയും സസ്‌പെന്‍ഷനിലും വി.ഡി സതീശന്‍ പ്രതികരിച്ചു. ഡി.സി.സി പ്രസിഡന്റുമാര്‍ പെട്ടി തൂക്കികളാണെന്ന് പറയുന്ന ആളുകളോട് എന്ത് വിശദീകരണമാണ് ചോദിക്കേണ്ടത് എന്നും ഇത്തരം കാര്യങ്ങള്‍ അനുവദിച്ചു കൊടുത്താല്‍ പിന്നെന്താണ് പാര്‍ട്ടിയില്‍ സംഭവിക്കുക എന്നത് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലും ഉമ്മന്‍ചാണ്ടിയും പരസ്യ പ്രതികരണങ്ങളിലേക്ക് പോകാന്‍ പാടില്ലായിരുന്നുവെന്നും സതീശന്‍ പറഞ്ഞു. നേതൃത്വം മാറിയത് ഇനിയെങ്കിലും അവര്‍ മനസിലാക്കണമെന്നും അവര്‍ മുമ്പെടുത്ത തീരുമാനങ്ങളില്‍ അന്ന് അതെല്ലാം അംഗീകരിച്ചാണ് എല്ലാവരും മുന്നോട്ട് പോയതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in