മോദിയുടെ സദ്ഭരണം പഠിക്കാന്‍ പിണറായി ഇനി എന്നാണ് ഡല്‍ഹിയില്‍ പോകുന്നത്? പരിഹാസവുമായി വി.ഡി. സതീശന്‍

മോദിയുടെ സദ്ഭരണം പഠിക്കാന്‍ പിണറായി ഇനി എന്നാണ് ഡല്‍ഹിയില്‍ പോകുന്നത്? പരിഹാസവുമായി വി.ഡി. സതീശന്‍
Published on

മോദിയുടെ സദ്ഭരണം പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഗുജറാത്തില്‍ നടപ്പാക്കിയ ഇ ഗവേര്‍ണന്‍സ് ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനായി കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ അഹമ്മദാബാദിലേക്ക് പോകുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.

ഗുജറാത്തില്‍ സദ്ഭരണമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടെത്തല്‍. ആ സദ്ഭരണം പഠിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയച്ചിരിക്കുകയാണെന്നും വി.ഡി. സതീശന്‍ വിമര്‍ശിച്ചു.

പകല്‍ ബി.ജെ.പി വിരോധം പറയുകയും രാത്രിയാകുമ്പോള്‍ സംഘപരിവാറുമായി സന്ധി ചേരുകയും ചെയ്യുന്ന നിലപാടാണ് സി.പി.എമ്മിന്റേത്. സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസിലും കോണ്‍ഗ്രസിനെ തകര്‍ത്ത് ബി.ജെ.പിയെ സഹായിക്കുകയെന്ന ലൈനാണ് കേരള ഘടകം സ്വീകരിച്ചത്. ആ നിലപാടിന് നേതൃത്വം നല്‍കിയതും പിണറായി വിജയനാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

സംഘപരിവാറുമായുള്ള സി.പി.എം ബന്ധത്തിനിടയില്‍ ഇടനിലക്കാരുണ്ട്. ഗുജറാത്ത് സര്‍ക്കാരും കേരള സര്‍ക്കാരും തമ്മില്‍ ബന്ധമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് സി.പി.എമ്മിന്റെ ബി.ജെ.പി-സംഘപരിവാര്‍ ബന്ധത്തിനുള്ള ഏറ്റവും അവസാനത്തെ തെളിവാണെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികളായി ചീഫ് സെക്രട്ടറി വി.പി. ജോയിയും അദ്ദേഹത്തിന്റെ ചീഫ് സ്റ്റാഫ് ഓഫീസര്‍ ഉമേഷ് എന്‍.എസ്.കെയുമാണ് ഗുജറാത്തില്‍ പോകുന്നത്.

ഏപ്രില്‍ 27 മുതല്‍ 29 വരെയാണ് കേരളത്തില്‍ നിന്നുള്ള സംഘം ഗുജറാത്തിലുണ്ടാകുക. മികച്ച ഭരണത്തിന് സഹായിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോര്‍ഡ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രസന്റേഷനില്‍ പങ്കെടുക്കാന്‍ ചീഫ് സെക്രട്ടറിക്ക് അനുമതി നല്‍കികൊണ്ടാണ് സര്‍ക്കാരാണ് ഉത്തരവ് പുറത്തിറങ്ങിയത്.

പ്രോജക്ട് ഇംപ്ലിമെന്റേഷനായി ഗുജറാത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് ഇവര്‍ പോകുന്നത്.

2013ല്‍ യുഡിഎഫ് ഭരണകാലത്ത് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയത് അന്ന് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഗുജറാത്തില്‍ നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ട എന്നായിരുന്നു അന്ന് എല്‍.ഡി.എഫ് പറഞ്ഞിരുന്നത്.

2019ല്‍ വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയതാണ് ഡാഷ് ബോര്‍ഡ് സംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in