കെ റെയില്‍ നടപ്പാക്കി ചരിത്ര പുരുഷനാകാനുള്ള ശ്രമം നടത്തുകയാണ്: മുഖ്യമന്ത്രിക്കെതിരെ വിഡി സതീശന്‍

കെ റെയില്‍ നടപ്പാക്കി ചരിത്ര പുരുഷനാകാനുള്ള ശ്രമം നടത്തുകയാണ്: മുഖ്യമന്ത്രിക്കെതിരെ വിഡി സതീശന്‍
Published on

കെ-റെയില്‍ നടപ്പാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്ര പുരുഷനാകാനുള്ള ശ്രമം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാ തരം വികസനങ്ങളെയും എതിര്‍ത്ത സി.പി.ഐ.എം ആണ് ഇപ്പോള്‍ കെ-റെയില്‍ കൊണ്ടു വന്നിരിക്കുന്നത്.

നിയമസഭയില്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത്‌പോലും സര്‍ക്കാര്‍ അനുവദിക്കാതിരുന്നത് ഇതിലെ ആശങ്ക വര്‍ധിപ്പിക്കുന്നുവെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് ഉയര്‍ത്തിയ ഒരു ചോദ്യത്തിനും സര്‍ക്കാര്‍ ഇതുവരെ മറുപടി തന്നിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരോ റെയില്‍വേയാ അനുമതി നല്‍കാത്ത പദ്ധതിയുടെ സാമ്പത്തിക സ്രോതസ് എന്താണെന്നും സതീശന്‍ ചോദിച്ചു.

വിഡി സതീശന്‍ പറഞ്ഞത്

കെ റെയില്‍ പദ്ധതി നടപ്പാക്കി ചരിത്ര പുരുഷനാകാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. നവോത്ഥാന നായകനാകാന്‍ ശ്രമിച്ച് അവസാനം ഓടിയൊളിച്ചതുപോലെ ചരിത്ര പുരുഷനാകാന്‍ വേണ്ടി സില്‍വര്‍ ലൈന്‍ നടത്തിയുള്ള ശ്രമവും അവസാനം ദുരന്തപൂര്‍ണമായി പര്യവസാനിക്കും എന്ന കാര്യത്തില്‍ സംശയമില്ല. വിഴിഞ്ഞം തുറമുഖ പദ്ധതി യു.ഡി.എഫിന്റെ കാലത്ത് കൊണ്ട് വന്നപ്പോള്‍ അത് റിയല്‍ എസ്‌റ്റേറ്റ് പദ്ധതിയാണെന്ന് പറഞ്ഞ് ആക്ഷേപിക്കുകയും അധികാരത്തില്‍ വന്നതിന് ശേഷം അദാനിയുടെ പോര്‍ട്ടുമായും അദാനയുടെ സ്ഥാപനവുമായും സമരസപ്പെട്ട് പോവുകയും ചെയ്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

വികസന വിരുദ്ധതയുടെ തൊപ്പി ഞങ്ങളുടെ തലയില്‍ താഴ്ത്താന്‍ ശ്രമിക്കേണ്ട. വികസന വിരുദ്ധതയുടെ തൊപ്പി ഏറ്റവും യോചിച്ചത് മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമാണ്. കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയിട്ടുള്ളവരാണ് ഇവര്‍. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ഞങ്ങളുയര്‍ത്തുന്ന ചോദ്യങ്ങള്‍; പരിതാപകരമായ സമ്പദ് വ്യവസ്ഥയുള്ള കേരളത്തിന് എങ്ങനെയാണ് ഇത് താങ്ങാന്‍ പറ്റുന്നത്? രണ്ട് ഈ പദ്ധതിയുടെ പാരിസ്ഥിതിക ആഘാത പഠനം നടത്തിയിട്ടുണ്ടോ? ആ പഠനം നടത്താതെ ഈ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നത് കേരളത്തെ ദുരന്ത ഭൂമിയാക്കി മാറ്റും എന്ന ഞങ്ങളുടെ ആശങ്ക മൂന്ന് ഇതിനൊരു സോഷ്യല്‍ ഇംപാക്ട് സ്റ്റഡി നടത്തിയിട്ടില്ല. നാല്, കേന്ദ്ര സര്‍ക്കാരിന്റെയും റെയില്‍വേയുടെയും അനുമതി കിട്ടിയിട്ടില്ല. കൃത്യമായ സര്‍വേ നടത്തിയിട്ടില്ല, ഒരു എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടില്ല. ഡീറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) പോലും പുറത്തുവിട്ടിട്ടില്ല. ഇത്രയും കാര്യങ്ങളാണ് യുഡിഎഫ് ഉയര്‍ത്തിയിട്ടുള്ളത്. ഇതിന് മറുപടി പറയാന്‍ മുഖ്യമന്ത്രിയോ കെ റെയില്‍ കോര്‍പറേഷനോ ഇതുവരെ തയ്യാറായിട്ടില്ല.

നിയമസഭയില്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതുപോലും സര്‍ക്കാര്‍ അനുവദിക്കാതിരുന്നത് ഇതിലെ ആശങ്ക വര്‍ധിപ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in