സംസ്ഥാനത്തെ ജനങ്ങളെ ബന്ധിയാക്കി മുഖ്യമന്ത്രി എന്തിനാണ് ഇത്ര ഭയപ്പെട്ട് ജീവിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരില്‍ മൂന്ന് മണിക്കൂര്‍ നേരം രോഗികളെയും പിഞ്ചുകുഞ്ഞുങ്ങളുമായി വന്ന കുടുംബങ്ങളെയും റോഡില്‍ തടഞ്ഞു നിര്‍ത്തി. വഴിയിലൂടെ കറുത്ത വസ്ത്രം ധരിച്ചു വന്ന യുവതികളെ പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി. മാധ്യമപ്രവര്‍ത്തകരുടെ കറുത്ത മാസ്‌കുകള്‍ അഴിച്ചുമാറ്റി. നരേന്ദ്ര മോദി ചെയ്ത കാര്യങ്ങളെല്ലാം കേരളത്തില്‍ ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി. മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന കോണ്‍ഗ്രസിന്റെ ആക്ഷേപം ശരിവെക്കുന്ന സംഭവങ്ങളാണ് കേരളത്തില്‍ അരങ്ങേറുന്നതെന്നും വി.ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേട്ടുകേള്‍വി ഇല്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഒരു മുഖ്യമന്ത്രി സഞ്ചരിക്കുന്നതിന്റെ സന്നാഹങ്ങള്‍ കണ്ട് കേരളം സ്തബ്ദരായി ഇരിക്കുകയാണ്. ഇത്രയും വലിയ സുരക്ഷാ സന്നാഹങ്ങളുടെ നടുവില്‍ നിന്നുകൊണ്ട്, ഇത് ജനുസ് വേറെയാണ് ഇങ്ങോട്ട് കളിവേണ്ട എന്ന് കേരളത്തെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
കേരളത്തിലെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ്. ഇക്കണക്കിനാണ് മുഖ്യമന്ത്രിയുടെ യാത്രയെങ്കില്‍ മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് അദ്ദേഹത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും നല്ലത്. ഇങ്ങനെ എന്നും പുറത്തിറങ്ങിയാല്‍ എന്താകും നാട്ടിലെ സ്ഥിതിയെന്നും വി.ഡി സതീശന്‍ ചോദിച്ചു. ആരെയും ഭയമില്ലെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് എല്ലാവരെയും ഭയമാണെന്നും അതുകൊണ്ടാണ് കറുപ്പ് കാണുമ്പോള്‍ ഭയക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.