രണ്ടു സമുദായങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോകുന്നത് കേരളത്തിലെ സര്‍ക്കാര്‍ നോക്കിനില്‍ക്കുകയാണെന്ന് വി.ഡി.സതീശന്‍. താല്‍കാലികലാഭത്തിനായി ആരുമായും കൂട്ടൂകൂടുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയാണ് വിജയരാഘവനെന്നും വാര്‍ത്താക്കുറിപ്പില്‍ പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
'കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടുന്നെന്നു പറഞ്ഞ് പുരപ്പുറത്തു കയറി നിലവിളിച്ചയാളാണ് വിജയരാഘവന്‍. ഈരാറ്റുപേട്ടയില്‍ യു.ഡി.എഫ് ഭരണ സമിതിയെ താഴെയിറക്കാന്‍ അഞ്ചംഗ എസ്.ഡി.പി.ഐ അംഗങ്ങളുടെ പിന്തുണ തേടിയ പാര്‍ട്ടിയുടെ സെക്രട്ടറിയാണ് അദ്ദേഹം. മഹാരാജാസില്‍ എസ്.ഡി.പി.ഐ കൊലചെയ്ത അഭിമന്യുവിന്റെ വട്ടവടയിലെ വീട്ടില്‍ നിന്നും ഈരാറ്റുപേട്ടയിലേക്കുള്ള ദൂരം വളരെ കുറവാണെന്ന് വിജയരാഘവനെ ഓര്‍മ്മിപ്പിക്കുന്നു. വിജയരാഘവന്റെയോ സി.പി.എമ്മിന്റെയോ മതേതരത്വമല്ല ഞങ്ങളുടെ മതേതരത്വം. ഈരാറ്റുപേട്ടയിലെ നഗരസഭാ ഭരണം പടിക്കാന്‍ എസ്.ഡി.പി.ഐയെ കൂടെക്കൂട്ടിയ വിജയാരാഘവന്റെ മതേതരത്വവും ക്ലാസും ഞങ്ങള്‍ക്കു വേണ്ട.'
കേരളത്തില്‍ ഇരുസമുദായങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാനുള്ള നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും വി.ഡി.സതീശന്‍ അവകാശപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാതെ ഇരു സമുദായങ്ങളും സംഘര്‍ഷത്തിലേക്ക് പോകുന്നത് നോക്കി നില്‍ക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ഫേക്ക് ഐ.ഡി ഉപയോഗിച്ച് സമുദായ സ്പര്‍ധ ഉണ്ടാക്കുന്ന തരത്തില്‍ ഹീനമായ ഭാഷ ഉപയോഗിച്ച് ചിലര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇവിടെയൊരു സസര്‍ക്കാരോ പൊലീസോ സൈബര്‍ സെല്ലോ ഉണ്ടോ? സമുദായ മൈത്രി തകര്‍ക്കാന്‍ ശ്രമിക്കുന്ന യഥാര്‍ത്ഥ കള്ളന്‍മാരെ പിടിക്കാന്‍ പോലീസോ സര്‍ക്കാരോ ഭരണമോ കേരളത്തിലില്ല.
തമ്മിലടിച്ച് വഷളാകട്ടെയെന്ന സംഘപരിവാറിന്റെ ചിന്ത തന്നെയാണോ ഈ സര്‍ക്കാരിനുമുള്ളത്. സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സര്‍വകക്ഷി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. എരിതീയില്‍ എണ്ണ കോരിയൊഴിക്കാന്‍ ആരും തയാറാകരുത്. ബിഷപ്പ് ഹൗസിലേക്ക് പ്രകടനം നടത്തി മുദ്രാവാക്യം വിളിച്ചത് അസംബന്ധമാണ്. വീണു കിട്ടിയ അവസരം ഉപയോഗിച്ച് കേരളത്തെ കത്തിച്ച് ചാമ്പലാക്കാന്‍ കാത്തിരിക്കുന്നവരുണ്ട്. അവരുടെ കെണിയില്‍ വീഴരുതെന്നാണ് അഭ്യര്‍ത്ഥിക്കുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.