എനിക്കെതിരെ ക്യാമ്പയിന്‍; ശാസ്ത്രീയമായി പാമ്പിനെ പിടിക്കുമ്പോള്‍ കടികിട്ടിയവരും ഉണ്ട്; ആശുപത്രി വിട്ട ശേഷം വാവ സുരേഷ്

എനിക്കെതിരെ ക്യാമ്പയിന്‍; ശാസ്ത്രീയമായി പാമ്പിനെ പിടിക്കുമ്പോള്‍ കടികിട്ടിയവരും ഉണ്ട്; ആശുപത്രി വിട്ട ശേഷം വാവ സുരേഷ്
Published on

പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വാവ സുരേഷിനെ മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മന്ത്രി വി.എന്‍ വാസവനും ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍ക്കും വാവ സുരേഷ് നന്ദി പറഞ്ഞു. പാമ്പ് പിടുത്തത്തില്‍ സജീവമായി ഉണ്ടാകുമെന്നും പിടിക്കുന്ന രീതിയെക്കുറിച്ച് വിശദമായി ആലോചിക്കുമെന്നും വാവ സുരേഷ്. പാമ്പ് കടിയേറ്റതിന് പിന്നാലെ തനിക്കെതിരെ ക്യാമ്പയിന്‍ നടക്കുന്നുണ്ടെന്നും വാവസുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.

വാവ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത്

മന്ത്രി വി.എന്‍. വാസവനോട് നന്ദിയുണ്ട്. ഒരു സാധാരണ മനുഷ്യന് ഒരു മന്ത്രി പയലറ്റ് പോകുന്നത് ആദ്യമായിട്ടായിരിക്കും. പതിനഞ്ചോ പതിനാറോ പ്രാവശ്യം എനിക്ക് പാമ്പ് കടിയേറ്റിട്ടുണ്ട്. ഹോസ്പിറ്റലിലെ എല്ലാ വിഭാഗവും എനിക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിച്ചു. കേരളത്തിലെ ജനങ്ങളുടെ പ്രാര്‍ത്ഥന ഫലം ചെയ്തു.

സുരക്ഷിതമായ പാമ്പു പിടുത്തത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരാള്‍ക്ക് അപകടം പറ്റുമ്പോള്‍ കഥയിറക്കുകയാണ് കുറേ പേര്‍. 2006ല്‍ ഞാന്‍ വനം വകുപ്പിന് പാമ്പിനെ പിടിക്കാന്‍ ട്രെയിനിങ്ങ് കൊടുത്തിരുന്നു.

അന്നൊന്നും കേരളത്തില്‍ മറ്റൊരു പാമ്പ് പിടുത്തക്കാരെയും ഞാന്‍ കണ്ടിട്ടില്ല. ഇപ്പോള്‍ എനിക്കെതിരെ ഒരു ക്യാമ്പയിന്‍ നടക്കുകയാണ്. വനം വകുപ്പിലെ ഒരു ഓഫീസറുടെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ നടക്കുന്നത്. എന്നെ പാമ്പിനെ പിടിക്കാന്‍ വിളിക്കരുത് എന്നൊക്കെ പറയിപ്പിക്കുന്നുണ്ട്.

അടുത്തകാലത്ത് തന്നെ ശാസ്ത്രീയമായി ഹൂക്ക് വെച്ച് പാമ്പിനെ പിടിക്കുമ്പോള്‍ പാമ്പ് കടിച്ച് ആറ് ദിവസം കോഴിക്കോട് രഹസ്യമായി ചികിത്സയില്‍ ഇരുന്നവരെയൊക്കെ എനിക്കറിയാം. ചാക്കില്‍ നിന്ന് പാമ്പ് കടിച്ച കഥയുമുണ്ട്.

അന്ന് ഹൂക്കുണ്ടായിരുന്നെങ്കിലും വയറിന് മുകളിലേക്കാണ് കടി കിട്ടിയിരുന്നതെങ്കില്‍ എനിക്ക് ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ പറ്റില്ലായിരുന്നു. പാമ്പ് പിടുത്തത്തിന്റെ രീതിയില്‍ മാറ്റം ആലോചിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in