വയനാട്: സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ തള്ളി. സിസ്റ്ററെ പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവെക്കുകയായിരുന്നു.
സഭയുടെ ചട്ടങ്ങളും കനാനോയിക നിയമങ്ങളും ലംഘിച്ചുവെന്നതാണ് സിസ്റ്റര്‍ ലൂസിക്കെതിരായ കുറ്റം.
2019 ആഗസ്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ എഫ്.സി.സി സന്യാസി സഭയില്‍ നിന്ന് പുറത്താക്കിയത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
വയനാട് ദ്വാരക സേക്രട്ട് ഹാര്‍ട്ട് സ്‌കൂള്‍ അധ്യാപികയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ടിവി ചാനലില്‍ അഭിമുഖം നല്‍കിയതിനും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനും സിസ്റ്റര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു.