വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ സ്റ്റേഷനിലെ എല്ലാ പൊലീസുകാരെയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് 28 പേരെ സ്ഥലം മാറ്റിയത്.
സംഭവത്തില്‍ മൂന്ന് പൊലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. എസ്.ഐ നിജേഷ്, എ.എസ്.ഐ അരുണ്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഗിരീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കസ്റ്റഡി മരണത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.
കല്ലേരി സ്വദേശി സജീവനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി രണ്ട് കാറുകള്‍ തമ്മിലുണ്ടായ അപകടത്തില്‍ സജീവനെയും കൂടെയുണ്ടായിരുന്നവരെയും കസ്റ്റഡിയിലെടുത്തിരുന്നു. കാറില്‍ സഞ്ചരിച്ചിരുന്ന സജീവന്‍ മദ്യലഹരിയിലായിരുന്നു. എന്നാല്‍ അപകട സമയം സജീവന്റെ സുഹൃത്തായിരുന്നു കാര്‍ ഓടിച്ചിരുന്നത്. 20 മിനിറ്റോളം പോലീസ് സ്റ്റേഷനില്‍ ചെലവഴിച്ച ശേഷം സജീവന്‍ തളര്‍ന്നു വീഴുകയായിരുന്നുവെന്നും നെഞ്ചുവേദനയാണെന്ന് പരാതിപ്പെട്ടിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ ഗൗനിച്ചില്ലെന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു.
സജീവന്‍ മദ്യപിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതിന് ശേഷവും എസ്.ഐ മര്‍ദിച്ചതായി പോലീസ് സ്റ്റേഷനില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ആരോപിച്ചു. സ്റ്റേഷന്‍ വളപ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട സജീവനെ ഓട്ടോറിക്ഷക്കാരുടെ സഹായത്തോടെ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്താനായില്ല.
സംഭവം വിവാദമായതോടെ ഉത്തരമേഖല ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ഹരിദാസിന്റെ നേത്രത്വത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമായി. അതിനുപിന്നാലെയാണ് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.
സജീവന്റെയും സുഹൃത്തുക്കളുടെയും മെഡിക്കല്‍ റിപ്പോര്‍ട്ട് എടുക്കുന്നതിലും പരിശോധിക്കുന്നതിലും പോലീസ് ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതായി റൂറല്‍ എസ്.പി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.