'ആയ ഞാന്‍ എന്ന ഞാനാക്കിയ അലക്‌സാണ്ടര്‍'; സത്യപ്രതിജ്ഞാ വാചകം തിരുത്തിക്കാന്‍ ഏഴുവര്‍ഷത്തെ പരിശ്രമം

'ആയ ഞാന്‍ എന്ന ഞാനാക്കിയ അലക്‌സാണ്ടര്‍';  സത്യപ്രതിജ്ഞാ വാചകം തിരുത്തിക്കാന്‍ ഏഴുവര്‍ഷത്തെ പരിശ്രമം
Published on

തിരുവനന്തപുരം: മെയ് 20ന് പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പിണറായി വിജയന്‍ 'ആയ' ഞാന്‍ എന്ന വാക്കായിരുന്നു ഉപയോഗിച്ചത്. എന്നാല്‍ മെയ് 24ന് അദ്ദേഹം എം.എല്‍.എ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പിണറായി വിജയന്‍ 'എന്ന' ഞാന്‍ എന്ന വാക്കിയിരുന്നു ഉപയോഗിച്ചത്. സത്യ പ്രതിജ്ഞ ചെയ്ത എല്ലാ എം.എല്‍.എമാരും ഉപയോഗിച്ചത് 'എന്ന' ഞാന്‍ എന്ന പദം തന്നെ.

ആയ ഞാന്‍ എന്നത് എന്ന ഞാനായതിന് പിന്നില്‍ ഒരു വലിയ കഥ കൂടിയുണ്ട്. ഏഴ് വര്‍ഷത്തെ പ്രയത്‌നത്തിന്റെ കഥയാണത്.

വിരമിച്ച ബാങ്ക് മാനേജരായ വര്‍ഗീസ് അലക്‌സാണ്ടറാണ് സത്യപ്രതിജഞാ വാചകത്തില്‍ ശരിയായ പരിഭാഷ ഉപയോഗിക്കാന്‍ വേണ്ടി വര്‍ഷങ്ങളോളം ശ്രമിച്ചത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടര്‍ ശ്രീജന്‍ ബിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.പിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ആയ ഞാന്‍ എന്ന വാക്ക് ഉപയോഗിക്കുന്നത് കണ്ടപ്പോഴാണ് അത് മാറ്റി ശരിയായ പരിഭാഷ വേണമെന്ന് അലക്‌സാണ്ടറിന് തോന്നിയത്.

ഇന്ത്യന്‍ ഭരണഘടനയുടെ മലയാളം പതിപ്പിലാണ് പിശക് എന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു. പ്രിന്റ് ചെയ്യുന്ന ടെക്സ്റ്റില്‍ തിരുത്തലുകള്‍ വരുത്താതെ ഒരു മാറ്റവും വരുത്താന്‍ കഴിയില്ലെന്ന് സെക്രട്ടറിയേറ്റിലുള്ള സുഹൃത്തുക്കള്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.

മലയാള വിവര്‍ത്തനം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഭാഷാ വകുപ്പിനെ സമീപിച്ചു. അലക്‌സാണ്ടറിന്റെ നിര്‍ദേശം അന്നത്തെ സെക്രട്ടറി കെ. സുരേഷ് കുമാര്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശം പ്രസക്തമാണെന്ന് അംഗീകരിച്ചിരുന്നെങ്കിലും 2016ലെ സത്യപ്രതിജ്ഞാ വാചകത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല.

ഇത്തവണയും വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം സത്യപ്രതിജ്ഞാ വാചകത്തിന്റെ കാര്യം നിയമസഭ സെക്രട്ടറിയെ ഓര്‍മ്മിപ്പിച്ചു. പക്ഷേ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ആയ ഞാന്‍ എന്ന് വാക്ക് തന്നെയായിരുന്നു ഉപയോഗിച്ചത്. ഇതില്‍ അദ്ദേഹം അദ്ദേഹം നിരാശനുമായിരുന്നു. എന്നാല്‍ തിങ്കളാഴ്ച് എംഎല്‍എമാരുടെ സത്യപ്രതിജ്ഞ കണ്ടപ്പോള്‍ അലക്‌സാണ്ടറിന് വലിയ സന്തോഷമായി. അവരെല്ലാവരും എന്ന ഞാന്‍ എന്ന വാക്കാണ് ഉപയോഗിച്ചത്.

മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വിവര്‍ത്തനം ചെയ്ത കോപ്പിയുടെ പകര്‍പ്പുകള്‍ ലഭിക്കാത്തതിനാലായിരുന്നു ആയ എന്ന വാക്ക് തന്നെ ഉപയോഗിക്കേണ്ടി വന്നത്. എന്നാല്‍ ഞായറാഴ്ച പുതിയ പകര്‍പ്പുകള്‍ ലഭിച്ചതുകൊണ്ട് തന്നെ തിങ്കളാഴ്ചയിലെ എംഎല്‍എ മാരുടെ സത്യപ്രതിജ്ഞയില്‍ പുതിയ വാചകം ഉപയോഗിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in