വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം ഉടന്‍ നടപ്പാക്കില്ലെന്ന് സമസ്ത നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി മുഖ്യമന്ത്രി. വഖഫ് ബോര്‍ഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സര്‍ക്കാരിനെ അറിയിച്ചത്
. സര്‍ക്കാരിന്റെ നിര്‍ദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
വിശദമായ ചര്‍ച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ്‌സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തില്‍ പെടാത്തവര്‍ക്കും വഖഫ് ബോര്‍ഡില്‍ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമം പെട്ടെന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക്് ശേഷം സമസ്ത നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമം റദ്ദ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിശാലമായ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്ന് സമസ്ത നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.