കുട്ടികള്‍ പഠിച്ച് പാസാവട്ടെ, എന്തിനാണ് അവരെ ട്രോളുന്നത്?; അബ്ദുറബ്ബിനോട് ശിവന്‍കുട്ടി

കുട്ടികള്‍ പഠിച്ച് പാസാവട്ടെ, എന്തിനാണ് അവരെ ട്രോളുന്നത്?; അബ്ദുറബ്ബിനോട് ശിവന്‍കുട്ടി
Published on

എസ്.എസ്.എല്‍.സി ഫല പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രി പി.കെ അബ്ദുറബ്ബ് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികള്‍ പഠിച്ച് പാസാവട്ടെ, അതിന് എന്തിനാണ് അവരെ ട്രോളാന്‍ നില്‍ക്കുന്നത് എന്നാണ് വി. ശിവന്‍കുട്ടിയുടെ മറുപടി.

'എസ്.എസ്.എല്‍.സി വിജയ ശതമാനം 99.26, കുട്ടികളേ നിങ്ങള്‍ പൊളിയാണ്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ട്രോളാനൊന്നും ഞാന്‍ ഇല്ല, എല്ലാവര്‍ക്കും സുഖമല്ലേ,' എന്നായിരുന്നു അബ്ദുറബ്ബ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതിന് മറുപടിയായാണ് വി. ശിവന്‍കുട്ടി രംഗത്തെത്തിയത്.

99.26 ശതമാനം വിജയമാണ് ഇത്തവണ നേടിയിരിക്കുന്നത്. നൂറ് ശതമാനം വിജയം നേടിയത് 2134 സ്‌കൂളുകളാണ്.760 സര്‍ക്കാര്‍ സകൂളുകള്‍, 942 എയിഡഡ് സ്‌കൂളുകള്‍, 432 അണ്‍എയിഡഡ് സ്‌കൂളുകള്‍ എന്നിങ്ങനെയാണ് നൂറുശതമാനം വിജയം നേടിയ സ്‌കൂളുകള്‍.

എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത് 44363 വിദ്യാര്‍ത്ഥികളാണ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുള്ളത്, 3024. ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടിയ ജില്ല കണ്ണൂരാണ്, 99.76 ശതമാനം.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 98.57 ശതമാനം വിജയം പ്രഖ്യാപിച്ചതിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in