സി.എച്ച് ജീവിച്ചിരുന്നെങ്കില്‍ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ, ഇത് 16-ാം നൂറ്റാണ്ടിലെ പ്രസ്താവന: വി. ശിവന്‍കുട്ടി

സി.എച്ച് ജീവിച്ചിരുന്നെങ്കില്‍ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ, ഇത് 16-ാം നൂറ്റാണ്ടിലെ പ്രസ്താവന: വി. ശിവന്‍കുട്ടി
Published on

എം.കെ മുനീര്‍ എം.എല്‍.എയുടെ പ്രസ്താവന 16ാം നൂറ്റാണ്ടിലേതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കാലം മാറിയത് മുനീര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നും ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

സി.എച്ചിന്റെ മകനില്‍ നിന്നും ഇത്തരം നിരുത്തരവാദപരവും സമൂഹ വിരുദ്ധവുമായ പ്രസ്താവന പ്രതീക്ഷിച്ചില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ സാരി ഉടുത്താലേ ലിംഗ സമത്വം ഉണ്ടാകൂ എന്ന ഡോ. മുനീറിന്റെ പ്രസ്താവന അത്ഭുതത്തോടെ ആണ് കാണുന്നത്. സി.എച്ച് ജീവിച്ചിരുന്നേല്‍ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ. ലീഗ് നേതൃത്വം മുനീറിന്റെ നിലപാട് തിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നതായും ശിവന്‍കുട്ടി പറഞ്ഞു. ഇതേകുറിച്ച് സംസാരിക്കുന്ന വീഡിയോയും ശിവന്‍കുട്ടി പങ്കുവെച്ചിട്ടുണ്ട്.

ലിംഗ സമത്വമെന്ന പേരില്‍ സ്‌കൂളുകളില്‍ മത നിരാസത്തിന് ശ്രമിക്കുകയാണ് സര്‍ക്കാര്‍ എന്നാണ് എം.കെ മുനീര്‍ പറഞ്ഞത്. കോഴിക്കോട് വെച്ച് നടന്ന എം.എസ്.എഫിന്റെ പരിപാടിയിലായിരുന്നു മുനീറിന്റെ പരാമര്‍ശം.

ലിംഗസമത്വമല്ല സാമൂഹിക നീതിയാണ് വേണ്ടത്. മതമില്ലാത്ത ജീവന്‍ എന്ന് പറഞ്ഞ് മത നിഷേധം കൊണ്ട വരാന്‍ ശ്രമിച്ചതുപോലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ച് പറഞ്ഞ് മതനിഷേധം കൊണ്ട് വരാനാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുനീര്‍ പറഞ്ഞു.

ബാലുശ്ശേരിയിലെ സ്‌കൂളിലെ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം കൊണ്ടുവന്നതിനെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ലീഗ് നേതാവിന്റെ വിമര്‍ശനം.

കോഴിക്കോട് ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ഡിസംബറിലാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത് സംബന്ധിച്ച് എം.കെ. മുനീറിന്റെ പ്രതികരണം.

ശിവന്‍കുട്ടിയുടെ വാക്കുകള്‍

മിക്‌സഡ് കോളേജ് വെറുതെ അങ്ങ് പ്രഖ്യാപിക്കുന്നതല്ല. ഏതെങ്കിലും സ്‌കൂള്‍ അധികാരികള്‍ക്ക് അവിടുത്തെ പാരന്റ് ടീച്ചേഴ്‌സ് അസോസിയേഷന് മിക്‌സഡ് സ്‌കൂള്‍ ആക്കണമെന്ന് താത്പര്യമുണ്ടെങ്കില്‍ അവിടുത്തെ പി.ടി.എ യോഗം ചേരണം ആദ്യം. രക്ഷാകര്‍ത്താക്കളുടെ യോഗം ചേരണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തീരുമാനിക്കണം. അതിന് ശേഷം വിദ്യാഭ്യാസ വകുപ്പ് തീരുമാനിക്കണം. ഇത്രയും പ്രക്രിയ കഴിഞ്ഞതിന് ശേഷം മാത്രമാണ് മിക്‌സഡ് സ്‌കൂള്‍ ആയി പ്രഖ്യാപിക്കുന്നത്. അതുപോലെ തന്നെയാണ് സ്‌കൂളുകളുടെ കാര്യവും. ഓരോ സ്ഥലത്തും ഇന്ന യൂണിഫോം തന്നെ വേണം എന്ന് ഞങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നില്ല. സ്‌കൂളുകളില്‍ മാന്യമായ യൂനിഫോം സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കാനുള്ള അവകാശം സ്‌കൂള്‍ അധികാരികള്‍ക്കും അവിടുത്തെ കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്കും പിടഎയുക്കുമാണ്.

എന്നാല്‍ നാട്ടില്‍ വരുന്ന മാറ്റം നമ്മള്‍ കാണേണ്ടതുണ്ട്. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സമമായി തന്നെ കാണുന്ന കാലഘട്ടമാണ്. ആ തരത്തില്‍ ഏതെങ്കിലും ഒരു സ്‌കൂള്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ മുന്‍നിര്‍ത്തി സമമായ യൂനിഫോം ആവശ്യപ്പെട്ടാല്‍ അതിന് അനുവാദം കൊടുക്കും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും വേണ്ട.

അങ്ങനെ ഒരു തീരുമാനത്തെ, വളരെ മോശമായിട്ടാണ് ആരാധ്യ നേതാവായ സിഎച്ച് മുഹമ്മദ് കോയയുടെ മകന്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായ എം.കെ മുനീറില്‍ നിന്നുണ്ടായ പ്രതികരണം. അത് ദൗര്‍ഭാഗ്യകരമായിപോയി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സമാനമായി തീരുമാനിക്കുക എന്നതിന് അദ്ദേഹം ചോദിക്കുന്നത്, മുഖ്യമന്ത്രി പിണറായി വിജയന്‍ സാരി ഉടുക്കുമോ എന്നതാണ്. മുനീറിന്റെ പ്രസ്താവന 16-ാം നൂറ്റാണ്ടില്‍ ഉള്ളതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം ലിംഗ നീതി, ലിംഗ തുല്യത, ലിംഗ ബോധം എന്നിവ മുന്‍നിര്‍ത്തിയുള്ള പദ്ധതിയുമായി മുന്നോട്ട് പോകും. വസ്ത്രധാരണം വ്യക്തിപരമാണ്. ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ള, സഭ്യമായ വസ്ത്രം ധരിക്കാം. ആരുടെ മേലും ഒന്നും അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. മുഖ്യമന്ത്രി സാരി ഉടുത്താലേ ലിംഗ സമത്വം ഉണ്ടാവൂ എന്ന ഡോ. മുനീറിന്റെ പ്രസ്താവന, അത്ഭുതത്തോടെയാണ് ഞാന്‍ കാണുന്നത്.

സി. എച്ച് ജീവിച്ചിരുന്നുവെങ്കില്‍ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞ്, പ്രസ്താവന പിന്‍വലിക്കുമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in