മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കിയത് ആക്രമണത്തെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതുകൊണ്ട്: വി. ശിവന്‍കുട്ടി

മുഖ്യമന്ത്രിക്ക് സുരക്ഷ നല്‍കിയത് ആക്രമണത്തെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചതുകൊണ്ട്: വി. ശിവന്‍കുട്ടി
Published on

മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ആക്രമണത്തെക്കുറിച്ച് കൃത്യമായ സൂചന കിട്ടിയത് കൊണ്ടാണ് മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയതെന്നും ശിവന്‍കുട്ടി പറഞ്ഞു.

സുരക്ഷ കൂട്ടി എന്ന് ആക്ഷേപിച്ച് അപകടം ഉണ്ടാക്കാനാണ് നീക്കം. വിമോചന സമരം മാതൃകയില്‍ സമരത്തിന് ശ്രമിക്കുകയാണ് പ്രതിപക്ഷം എന്നും വി. ശിവന്‍കുട്ടി പറഞ്ഞു.

മുഖ്യമന്ത്രിക്ക് സുരക്ഷ കൂട്ടിയതിനെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും മന്ത്രി എം.വി. ഗോവിന്ദനും രംഗത്തെത്തിയിരുന്നു.

ആര്‍.എസ്.എസും സംഘപരിവാറും യു.ഡി.എഫും ഒന്നിച്ച് വടിയും കത്തിയും വാളും എടുത്ത് നടക്കുകയാണ്. അത്തരം ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രിക്ക് ഒരു സുരക്ഷാ സംവിധാനവും വേണ്ട എന്നാണോ പറയുന്നതെന്നാണ് ഇ.പി. ജയരാജന്‍ ചോദിച്ചത്. കറുത്ത് മാസ്‌ക് തന്നെ ധരിക്കണം എന്ന് നിര്‍ബന്ധം എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിക്ക് സുരക്ഷയുടെ ആവശ്യമുണ്ടെന്നാണ് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്നും മന്ത്രി പറഞ്ഞു. സുരക്ഷ നല്‍കേണ്ട സന്ദര്‍ഭത്തില്‍ അത് നല്‍കണം. ആവശ്യമായ സുരക്ഷ ഇപ്പോള്‍ മുഖ്യമന്ത്രിക്ക് വേണം. മാസ്‌ക് പ്രതിഷേധത്തിന് ഉപകരണമാക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in