കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര വിഹിതത്തിനു വേണ്ടി കാത്തു നില്‍ക്കാതെ കേരളം സ്വന്തം നിലയില്‍ വാക്‌സിന്‍ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ദില്ലിയില്‍ മാധ്യമങ്ങളോട് വി മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നടക്കുന്നത് അരാജകത്വമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുകയാണ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതുകൊണ്ടാണ് പല കേന്ദ്രങ്ങളിലും വാക്‌സിന്‍ വിതരണം മുടങ്ങുന്നത്. ആവശ്യത്തിന് വാക്‌സിന്‍ ഡോസുകളില്ലെന്ന് പറഞ്ഞ് സംസ്ഥാനത്തെ ആരോഗ്യമന്ത്രിയും ജനങ്ങളെ പരിഭ്രാന്തരാക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞു
അടുത്ത നാല് ദിവസത്തിനുള്ളില്‍ 6.5 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്രം കേരളത്തിന് നല്‍കും. ഒരാഴ്ചക്കുള്ളില്‍ 1.12 ലക്ഷം പേര്‍ക്കാണ് കേരളത്തില്‍ വാക്‌സിന്‍ നല്‍കിയത്. ഒറ്റയടിക്ക് 50 ലക്ഷം വാക്‌സിന്‍ വേണമെന്നും രണ്ട് ലക്ഷം വാക്‌സിന്‍ മാത്രമേ ബാക്കിയുള്ളുവെന്നും പറഞ്ഞാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകുന്നത് സ്വാഭാവികമാണ്. ഒരാഴ്ചത്തേക്കുള്ള വാക്‌സിന്‍ കൂടി കേരളത്തിലുണ്ടെന്നും മുരളീധരൻ പറഞ്ഞു.