ഉദ്ഘാടനത്തിന് മുമ്പ് വൈറ്റില മേല്‍പ്പാലം തുറന്ന സംഭവത്തില്‍ വി ഫോര്‍ കേരള കോഓര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാനെ അര്‍ദ്ധരാത്രി ഫഌറ്റിലെത്തി ദേഷ്യത്തില്‍ പിടിച്ചു വലിച്ച് കൊണ്ടു പോവുകയായിരുന്നുവെന്ന് ഭാര്യ ഡോണ നിപുണ്‍. എന്തിന് അറസ്റ്റ് ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ ദേഷ്യപ്പെട്ടു. ഏത് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് മണിക്കൂറുകള്‍ കഴിഞ്ഞും അറിയിച്ചില്ലെന്നും ഡോണ ദ ക്യുവിനോട് പറഞ്ഞു.
11.45 ഓടെയാണ് പൊലീസ് സംഘം ഫഌറ്റിലെത്തിയത്. മൂന്ന് സ്റ്റേഷനുകളില്‍ നിന്നുള്ള സംഘമാണെന്നാണ് പറഞ്ഞത്. വാറന്റോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് ചെയ്യുമെന്ന് എസ്.ഐ പറഞ്ഞു.
എസ്.ഐ വന്ന് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ എന്തിനാണെന്ന് നിപുണ്‍ ചോദിച്ചിട്ടും മറുപടി തന്നില്ല. രണ്ട് കേസുണ്ടെന്നാണ് പറഞ്ഞത്. ദേഷ്യപ്പെട്ട് പിടിച്ച് വലിച്ച് കൊണ്ടുപോയി.
തൃക്കാക്കര, പനങ്ങാട്, ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനുകളില്‍ നിന്നുള്ള സംഘമാണെന്നായിരുന്നു പറഞ്ഞിരുന്നത്. അരമണിക്കൂര്‍ കഴിഞ്ഞ് തൃക്കാക്കര സ്റ്റേഷനില്‍ വിളിച്ചപ്പോഴും കൃത്യമായ മറുപടി ലഭിച്ചില്ല. പനങ്ങാട് വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല.ഇന്‍ഫോ പാര്‍ക്ക് സ്റ്റേഷനിലും ഇല്ലെന്ന് പറഞ്ഞപ്പോള്‍ മിസിംഗ് കേസ് ഫയല്‍ ചെയ്യുമെന്ന് അറിയിച്ചു. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് കണ്‍ട്രോള്‍ റൂമിലുള്‍പ്പെടെ ബന്ധപ്പെട്ടതിന് ശേഷമാണ് മരട് സ്റ്റേഷനിലുണ്ടെന്ന് വിവരം ലഭിച്ചത്. കോടതിയില്‍ ഹാജരാക്കുമെന്ന് ഇന്ന് അറിയിച്ചു.
വൈറ്റില പാലം തുറന്നതുമായി ബന്ധപ്പെട്ട് നിപുണിന് പങ്കുണ്ടോയെന്ന് തനിക്ക് അറിയില്ല. കുറച്ച് ദിവസം മുമ്പ് അവിടെ സമരം നടത്തിയിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാരോപിച്ച് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നുവെന്നും ഡോണ നിപുണ്‍ പറഞ്ഞു.