ഇങ്ങനെയെങ്കില്‍ രാജിവെച്ച് പോകുന്നതല്ലേ നല്ലത്?, പി.വി അന്‍വറിനെതിരെ വി.ഡി സതീശന്‍

ഇങ്ങനെയെങ്കില്‍ രാജിവെച്ച് പോകുന്നതല്ലേ നല്ലത്?, പി.വി അന്‍വറിനെതിരെ വി.ഡി സതീശന്‍
Published on

തുടര്‍ച്ചയായി നിയമസഭയില്‍ വരാതിരുന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു ജനപ്രതിനിധി എന്ന നിലയില്‍ സഭയില്‍ വരാന്‍ കഴിയില്ലെങ്കില്‍ രാജിവെച്ച് പോകുന്നതല്ലേ നല്ലത് എന്നാണ് വി.ഡി സതീശന്‍ പറഞ്ഞത്.

'ഗവണ്‍മെന്റും അവരുടെ പാര്‍ട്ടിയുമല്ലേ വ്യക്തമാക്കേണ്ടത് അദ്ദേഹം എന്തുകൊണ്ടാണ് സഭയിലേക്ക് വരാത്തതെന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്‍പ് മൂന്ന് മാസം സ്ഥലത്തില്ല, തെരഞ്ഞെടുപ്പിന് ശേഷവും മൂന്ന് മാസം സ്ഥലത്തില്ല. ഇങ്ങനെയാണെങ്കില്‍ അദ്ദേഹം രാജിവെച്ചുപോകുന്നതല്ലേ നല്ലത്', നിയമസഭാ സമ്മേളനത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ വി.ഡി സതീശന്‍ പറഞ്ഞു.

പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം നാലാം തിയ്യതി തുടങ്ങിയപ്പോഴും പി.വി അന്‍വര്‍ എം.എല്‍.എ ഹാജരായിരുന്നില്ല. ഒന്നാം സമ്മേളനം 12 ദിവസം നീണ്ടുനിന്നപ്പോള്‍ വെറും അഞ്ച് ദിവസമാണ് എം.എല്‍.എ സഭയില്‍ ഹാജരായത്. 17 ദിവസം നീണ്ടുനിന്ന രണ്ടാം സമ്മേളനത്തില്‍ ഒറ്റ ദിവസം പോലും അന്‍വര്‍ സഭയിലെത്തിയില്ല. സഭയില്‍ ഹാജരാകാതിരിക്കാനുള്ള അവധിയപേക്ഷയും നല്‍കിയിരുന്നില്ല.

സര്‍ക്കാരിന്റെത്തന്നെ വിവിധ സമിതികളായ സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പുകള്‍ സംബന്ധിച്ച സമിതി, ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി, ഭക്ഷ്യവും സിവില്‍സപ്ലൈസും സഹകരണവും സംബന്ധിച്ച സമിതി തുടങ്ങിയവയില്‍ അംഗമാണ് പി.വി അന്‍വര്‍ എം.എല്‍.എ. ഈ സമിതികളെല്ലാം യോഗം ചേരുമ്പോളും പി.വി അന്‍വര്‍ പങ്കെടുത്തിരുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in