കഴിഞ്ഞ വർഷം നവംബറിൽ രാജ്യത്തെ നടുക്കിയ ഉത്തരാഖണ്ഡ് തുരങ്ക ദുരന്തം ഓർമയുണ്ടോ? 16 ദിവസം 41 മനുഷ്യർ കിലോമീറ്ററുകളുടെ ഇരുട്ടിൽ പെട്ട് പുറം ലോകം കാണാതെ ജീവനെ തപ്പിതിരഞ്ഞ ദിനങ്ങൾ, സർവ സേനയും സന്നാഹങ്ങളും ശ്രമിച്ചിട്ടും സാധിക്കാത്ത ആ രക്ഷാപ്രവർത്തനം അവസാനം പൂർത്തിയാക്കിയത് റാറ്റ് മൈനേഴ്സ് എന്നറിയപ്പെടുന്ന സാധാരണ ഖനി തൊഴിലാളികളായിരുന്നു. അന്ന് ആ സംഘത്തിന് നേതൃത്വം നല്കിയ ആളായിരുന്നു വഖീൽ ഹസൻ. പ്രധാനമന്ത്രിയും രാഷ്ട്രപതിയടക്കമെല്ലാവരും രാജ്യത്തിന്റെ ഹീറോ എന്ന് വിളിച്ചവൻ. എന്നാൽ ഇന്ന് ദൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റി (ഡിഡിഎ) അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് പൊളിച്ച തന്റെ വീടിന്റെ അവശിഷ്ടങ്ങൾക്കരികെ തന്റെ രണ്ട് ചെറിയ കുട്ടികളടക്കമുള്ള കുടുംബവുമായി നീതിക്ക് വേണ്ടി കരയുകയാണ് വഖീൽ ഹസൻ.
കഴിഞ്ഞ വർഷം നവംബറിൽ രാജ്യത്തെ നടുക്കിയ ഉത്തരാഖണ്ഡ് തുരങ്ക ദുരന്തം ഓർമയുണ്ടോ? 16 ദിവസം 41 മനുഷ്യർ കിലോമീറ്ററുകളുടെ ഇരുട്ടിൽ പെട്ട് പുറം ലോകം കാണാതെ ജീവനെ തപ്പിതിരഞ്ഞ ദിനങ്ങൾ, സർവ സേനയും സന്നാഹങ്ങളും ശ്രമിച്ചിട്ടും സാധികാത്ത ആ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത് റാറ്റ് മൈനേഴ്സ് എന്നറിയപ്പെടുന്ന സാധാരണ ഖനി തൊഴിലാളികളായിരുന്നു.
ജീവൻ പണയം വെച്ച് നിരന്തരം തുടർ ഭൂചലനമുണ്ടായി കൊണ്ടിരിക്കുന്ന തുരങ്കത്തിലേക്ക് അവർ നുഴഞ്ഞു കയറി. കൈകൾ കൊണ്ടും ചെറിയ ഉപകരണങ്ങൾ കൊണ്ടും കോൺക്രീറ്റ് കട്ടകളും ഇരുമ്പ് അവശിഷ്ട്ടങ്ങളും മാറ്റി അവർ ആ 41 മനുഷ്യരെ പുറത്തെത്തിച്ചു. അന്ന് ആ സംഘത്തിന് നേതൃത്വം നല്കിയ ആളായിരുന്നു വഖീൽ ഹസൻ.
പ്രധാനമന്ത്രിയും രാഷ്ട്രപതിയടക്കമെല്ലാവരും രാജ്യത്തിന്റെ ഹീറോ എന്ന് വിളിച്ചവൻ. എന്നാൽ ഇന്ന് ദൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റി (ഡിഡിഎ) അനധികൃത കയ്യേറ്റമെന്ന് പറഞ്ഞ് പൊളിച്ച തന്റെ വീടിന്റെ അവശിഷ്ടങ്ങൾക്കരികെ തന്റെ രണ്ട് ചെറിയ കുട്ടികളടക്കമുള്ള കുടുംബവുമായി നീതിക്ക് വേണ്ടി കരയുകയാണ് വഖീൽ ഹസൻ.
" ഞങ്ങൾ ഇപ്പോൾ തെരുവിലാണ്. ഖജൂരി ഖാസിൽ എവിടെയെങ്കിലും ഒരു വീട് ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾക്ക് സർക്കാരിൽ നിന്ന് മറ്റൊന്നും ആവശ്യമില്ല .എന്തെങ്കിലും തീരുമാനമുണ്ടാകുന്നത് വരെ ഈ അവശിഷ്ടങ്ങളുടെ പരിസരത്ത് നിന്നും ഞങ്ങൾ മാറില്ല. ” വലിയ സങ്കടത്തോടെ വഖീൽ ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
വീടിനുള്ളിലുണ്ടായിരുന്ന വസ്തുക്കളെല്ലാം പാത്രങ്ങൾ, ക്ലോക്ക്, കിടക്കകൾ തുടങ്ങിയവ അവർ വലിച്ചിട്ടു. ചെറിയ സാവകാശം പോലും നൽകിയില്ല. എന്നാൽ അതേ തെരുവിലുള്ള മറ്റ് വീടുകൾ ഒന്നും പൊളിച്ചതുമില്ല. മുസ്ലിമായത് കൊണ്ടാണ് ഞങ്ങളുടെ വീട് ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ ശബാന പറഞ്ഞു.
ഇവരുടെ വീടിനോട് ചേർന്നുള്ള പ്രദീപ് ജെയിൻ എന്നൊരാൾ നടത്തുന്ന ഹാർഡ്‌വെയർ ഷോപ്പും രാകേഷ് കുമാർ എന്നൊരാൾ നടത്തുന്ന ഫർണിച്ചർ ഷോപ്പുമുണ്ട്. എന്നാൽ ഇവ പൊളിച്ചിട്ടിലെന്നും പകരം നോട്ടീസ് നൽകിയെന്നും തങ്ങൾക്ക് നോട്ടീസ് പോലും നൽകാതെ വീട്ടിലില്ലാത്ത സമയത്ത് കുട്ടികളെ നിർബന്ധമായി പുറത്തേക്ക് വലിച്ചിട്ട് ബുൾഡോസർ കൊണ്ട് വീട് പൊളിക്കുകയായിരുന്നുവെന്നും വഖീൽ പറയുന്നു.
2012- ൽ 33 ലക്ഷം രൂപയ്ക്കാണ് വഖീൽ ഈ ഭൂമി വാങ്ങിയത്. അതിൽ 12 ലക്ഷം രൂപ ലോണിൽ ഇനിയും അടയ്ക്കാനുണ്ട്. ആ ഭൂമിയിൽ നിന്നും വീട്ടിൽ നിന്നുമാണ് ഇപ്പോൾ വഖീലിന്റെയും കുടുംബത്തെയും പുറത്താക്കിയത്. സിൽക്യാര തുരങ്ക രക്ഷാപ്രവർത്തനത്തിൽ ഹസൻ്റെ സംഭാവനകളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് അറിയില്ലെന്നും അനധികൃത കെട്ടിടമായത് കൊണ്ടാണ് പൊളിച്ചത് എന്നുമാണ് ദൽഹി ഡെവലപ്‌മെൻ്റ് അതോറിറ്റി (ഡിഡിഎ) യുടെ വാദം. സംഭവം വിവാദമായതിന് ശേഷവും ഡിഡിഎ ദൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയൊഴിപ്പിക്കൽ തുടരുകയാണ്.
എൻ്റെ ജോലിയിലൂടെ രാജ്യത്തിന് കാര്യമായ സംഭാവന നൽകിയിട്ടുണ്ടെങ്കിലും, എനിക്ക് ലഭിക്കുന്ന അംഗീകാരം ഇതാണ്. എൻ്റെ കുട്ടികൾ ഇപ്പോൾ തെരുവിലാണ്, അവരെ എവിടേക്ക് കൊണ്ടുപോകണമെന്ന് എനിക്കറിയില്ല. ദിവസക്കൂലി സമ്പാദിക്കുന്നത് വെല്ലുവിളിയാണ്, മറ്റൊരു വീട് പണിയുന്നത് അസാധ്യമാണെന്ന് തോന്നുന്നു. അവശേഷിക്കുന്ന ഒരേയൊരു വഴി ജീവിതം അവസാനിപ്പിക്കുകയാണെന്ന് തോന്നുന്നു. വഖീൽ കൂട്ടിചേർത്തു.
കഴിഞ്ഞ വർഷം നവംബർ 12- നാണ് ഉത്തരാഖണ്ടിലെ പുണ്യ കേന്ദ്രങ്ങളായ ബദരീനാഥ്, കേഥർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കാൻ വേണ്ടി ചാർധാം പദ്ധതി എന്ന പേരിൽ ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ നിർമിച്ചു കൊണ്ടിരുന്ന തുരങ്കം ശക്തമായ ഭൂചലനത്തിൽ ഇടിയുന്നത്. തുരങ്ക മുഖത്ത് നിന്നും 200 മീറ്റർ അകലെയായിരുന്നു മണ്ണിടിച്ചിലുണ്ടായിരുന്നത്. 50 മീറ്ററോളം ഭാഗത്ത് കോൺക്രീറ്റ് കൂനകളും ലോഹ കഷ്ണങ്ങളും വന്നടിഞ്ഞു. പ്ലാൻ എ മുതൽ ഡി വരെയും പയറ്റിയിട്ടും അമേരിക്കൻ വോഗർ മെഷീനുകളും മറ്റ് എല്ലാ സന്നാഹങ്ങളുമായി രാജ്യത്തെ എല്ലാ സേനകളും രാപകൽ പരിശ്രമിച്ചിട്ടും തുരങ്കത്തിന്റെ അമ്പതോളം മീറ്ററിൽ വീണ അവശിഷ്ടങ്ങൾ മാറ്റി തൊഴിലാളികളിലേക്കെത്താൻ കഴിഞ്ഞില്ല.
താൻ നേതൃത്വം കൊടുത്തത്തിൽ വെച്ച് അത്യന്തം അപകടം നിറഞ്ഞ ദുഷ്കരമായ രക്ഷാപ്രവർത്തനമെന്നാണ് അന്താരാഷ്ട്ര ടണലിങ് അണ്ടർ ഗ്രൗണ്ട് ആൻഡ് സ്പെയ്സ് അസോസിയേഷൻ പ്രസിഡന്റായ ഓസ്‌ട്രേലിയകാരൻ ആർനോൾഡ് ഡിക്സൻ അന്ന് പറഞ്ഞത്. പതിനഞ്ചോളം ദിവസങ്ങൾ കൊണ്ട് തകർന്ന് വീണ കോൺക്രീറ്റ് വേസ്റ്റുകളും ലോഹതൂണുകളും വലിയ ബ്ലേഡുകളുപയോഗിച്ച് മാറ്റാൻ കഴിഞ്ഞിരുന്നെങ്കിലും പിന്നീട് വീണ്ടും തുരങ്കത്തിൽ തുടർച്ചയായ ഭൂചലനങ്ങളുണ്ടായി. അതോട് കൂടി മെഷീനുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം പൂർണ്ണമായി തടസ്സപ്പെട്ടു. മീറ്ററുകൾക്കകലെയുള്ള 41 ജീവനുകൾ പുറത്തെത്തിക്കുന്നതിൽ വീണ്ടും അനിശ്ചിതത്വമുണ്ടായി.
അങ്ങനെ തുരങ്കത്തിന് പുറത്തുള്ളവരും തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരും അത്യന്തം ഭീതിയിലിരിക്കെയാണ് അപകടം നിറഞ്ഞ ആ തുരങ്കത്തിലേക്ക് ജീവൻ പണയം വെച്ച് വഖീൽ ഹസന്റെ നേതൃത്വത്തിൽ കുറച്ച് മനുഷ്യർ ഇറങ്ങുന്നത്. മണികൂറുകളോളം ചെറിയ ആയുധങ്ങളും മറ്റും ഉപയോഗിച്ച് മണ്ണും അവശിഷ്ടങ്ങളും മാറ്റി അവർ അവസാനം തുരങ്കത്തിൽ കുടുങ്ങി കടന്ന മനുഷ്യരിലേക്കെത്തി. ശേഷം പൈപ്പുകൾ ഘടിപ്പിച്ച് അതിലൂടെ ആ 41 മനുഷ്യരെയും പുറത്തെ ജീവിതത്തിലേക്ക് കൊണ്ട് വന്നു.
രാജ്യത്തെ പ്രധാനമന്ത്രിയും മുഴുവൻ സേനാ തലവന്മാരും അവരെ രാജ്യത്തിന്റെ ഹീറോകളെന്ന് വിളിച്ചു. പത്രങ്ങളിലും മാധ്യമങ്ങളിലും അന്ന് നിറഞ്ഞുനിന്നിരുന്ന ചിത്രങ്ങളും തലകെട്ടുകളും അവരായിരുന്നു. എന്നാൽ മൂന്ന് മാസങ്ങൾക്കിപ്പുറം ഭരണകൂടം തന്നെ അവരെ സീറോയാക്കി തെരുവിലേക്ക് വലിച്ചിട്ടു. 41 മനുഷ്യരെ ജീവിതത്തിലേക്ക് കൊണ്ട് വന്ന സന്തോഷത്തിലും ആനന്ദത്തിലും അടയാളപ്പെടുത്തിയ ആ മുഖം ഇപ്പോൾ മാധ്യമങ്ങളിൽ അടയാളപ്പെടുന്നത് വീടും ഭൂമിയും നഷ്ട്ടപ്പെട്ട് തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യന്റെ ദൈന്യത നിറഞ്ഞ മുഖമായിട്ടാണ്.