കൊല്ലം അഞ്ചലില്‍ രണ്ട് തവണ പാമ്പ് കടിയേറ്റ ഉത്രയുടേത് കൊലപാതകമെന്ന് പൊലീസ്. കരിമൂര്‍ഖനെ കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഭര്‍ത്താവ് സൂരജ് പൊലീസിന് മൊഴി നല്‍കി. മെയ് 6 ന് രാത്രി ഉത്ര ഉറങ്ങിയശേഷം പാമ്പിനെ കൊണ്ട് രണ്ടുതവണ കടിപ്പിച്ചെന്നാണ് സൂരജിന്റെ മൊഴി. തുടര്‍ന്ന് പാമ്പിനെ ഡ്രസ്സിംഗ് റൂമിന്റെ സൈഡിലേക്ക് മാറ്റി. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ഉറങ്ങാതെ കട്ടിലില്‍ ഇരുന്നു. ശേഷം അഞ്ചരയോടെ പുറത്തേക്ക് പോയി. പതിവിലും വൈകിയിട്ടും ഉത്ര എഴുന്നേല്‍ക്കാത്തതിനാല്‍ അമ്മ മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് മകള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് പാമ്പ് കടിയേറ്റത് വ്യക്തമായത്. അതിനിടെ സൂരജ് ഉത്രയുടെ വീട്ടിലെത്തി പരിശോധന നടത്തി പാമ്പിനെ അടിച്ചുകൊല്ലുകയും ചെയ്തു. ഈ സമയത്തെല്ലാം സൂരജിന്റെ പെരുമാറ്റത്തില്‍ ചില അസ്വാഭാവികത ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉത്രയുമായി സൂരജിന് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതുകൂടി അറിയാമായിരുന്ന വീട്ടുകാര്‍ മരണത്തില്‍ അസ്വാഭാവികത ആരോപിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 5 മാസത്തെ ആസൂത്രണത്തിന് ഒടുവിലാണ് കൊലപാതകമെന്ന് സൂരജ് മൊഴി നല്‍കിയിട്ടുണ്ട്. ഉത്രയ്ക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും രണ്ടാമതൊരു വിവാഹം കഴിക്കുകയായിരുന്നു ലക്ഷ്യമെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
കൊല്ലം കല്ലുവാതുക്കല്‍ സ്വദേശിയായ സുരേഷില്‍ നിന്നാണ് പാമ്പിനെ വാങ്ങിയത്. യൂട്യൂബില്‍ വീഡിയോ ഇടാനാണ് വാങ്ങുന്നതെന്നാണ് കാരണമായി പറഞ്ഞത്. പതിനായിരം രൂപയ്ക്ക് ഫെബ്രുവരി 26 നാണ് ആദ്യം അണലിയെ വാങ്ങുന്നത്. തുടര്‍ന്ന് മാര്‍ച്ച് രണ്ടിന് സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍ വെച്ച് യുവതിക്ക് പാമ്പുകടിയേറ്റു. ആ സമയം ഉത്ര അത് കാര്യമാക്കിയില്ല. പക്ഷേ രാത്രിയില്‍ വേദന തോന്നിയതോടെ തന്നെ എന്തോ കടിച്ചുവെന്നും ആശുപത്രിയില്‍ പോകണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഇതിന് ശേഷം ഉത്ര തന്റെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. എന്നാല്‍ ഉത്രയെ കൊലപ്പെടുത്താനായി സൂരജ് വീണ്ടും സുരേഷില്‍ നിന്ന് ഒരു കരിമൂര്‍ഖനെ കൂടി വാങ്ങി. ശേഷം കരിമൂര്‍ഖനെ ബാഗിലാക്കി മെയ് ആറിന് ഉത്രയുടെ വീട്ടില്‍ കൊണ്ടുവരികയായിരുന്നു. മൊബൈല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ സൂരജിന് പാമ്പുപിടുത്തക്കാരനുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സുരേഷ് എന്ന പാമ്പുപിടുത്തക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നാണ് സൂരജ് അണലിയെയും കരിമൂര്‍ഖനെയും വാങ്ങിയത് വ്യക്തമായത്. ലോക്കറിലുണ്ടായിരുന്ന ഉത്രയുടെ 110 പവന്‍ സ്വര്‍ണത്തില്‍ 92 പവനും സൂരജ് കൈക്കലാക്കിയെന്നും പൊലീസ് കണ്ടെത്തി. മാര്‍ച്ച് 2 നാണ് ലോക്കര്‍ തുറന്നത്. സൂരജിനെയും സുരേഷിനെയും ബന്ധുവായ മറ്റൊരു യുവാവിനെയും രഹസ്യ കേന്ദ്രത്തില്‍വെച്ചാണ് പൊലീസ് ചോദ്യം ചെയ്തത്.
എസിയുള്ള മുറിയുടെ ജനലും വാതിലും അടച്ച നിലയിലായിരുന്നിട്ടും ഉഗ്ര വിഷമുള്ള പാമ്പ് എങ്ങനെ അകത്തുകടന്നുവെന്നതില്‍ നേരത്തേ ദുരൂഹത ഉയര്‍ന്നിരുന്നു. തറനിരപ്പില്‍ നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയുമെന്നും കടിയേറ്റാല്‍ ഉണരേണ്ടതല്ലേയെന്നുമെല്ലാം ജന്തുശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ അന്വേഷണസംഘം പരിശോധിച്ചിരുന്നു. സൂരജ് തെറ്റുകാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നായിരുന്നു ഇയാളുടെ കുടുംബത്തിന്റെ പ്രതികരണം.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം