അഞ്ച് സെന്റ് പോലും കിട്ടിയില്ല; എല്ലാം ഗണേഷും ഇളയ സഹോദരിയും വീതിച്ചെടുത്തു; ആരോപണവുമായി ഉഷ

അഞ്ച്  സെന്റ് പോലും കിട്ടിയില്ല; എല്ലാം ഗണേഷും ഇളയ സഹോദരിയും വീതിച്ചെടുത്തു; ആരോപണവുമായി ഉഷ
Published on

കെ ബി ഗണേഷ്കുമാറിനെതിരെയുള്ള വിൽപത്ര ആരോപണത്തിൽ പുതിയ വെളിപ്പെടുത്തലുമായി മൂത്ത സഹോദരി ഉഷ മോഹൻദാസ്. ഗണേഷ് കള്ളത്തരം കാണിച്ചാണ് ആദ്യ വിൽപത്രം റദ്ദാക്കിയതെന്നും രണ്ടാമത്തെ വിൽപത്രത്തിൽ അഞ്ച് സെന്റ്‌ ഭൂമി പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഉഷ ആരോപിച്ചു. വർഷങ്ങൾക്ക് മുൻപ് 'അമ്മ എഴുതി വെച്ച എസ്‌റ്റേറ്റ് ആണ് എന്റെ പേരിലെന്ന് പറഞ്ഞ് രണ്ടാമത്തെ വിൽപത്രത്തിൽ എഴുതിയിരിക്കുന്നത്. അച്ഛന്റെ മുഴുവൻ സ്വത്തുക്കളും ഗണേഷും സഹോദരി ബിന്ദുവും കൂടി വീതിച്ച് എടുത്തെന്നും തനിക്ക് അഞ്ച് സെന്റ്‌ പോലും കിട്ടിയില്ലെന്നും അവർ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ഉഷ മോഹൻദാസിന്റെ പ്രതികരണം

ഇതൊരു കുടുംബ പ്രശ്നമാണ്. ഇന്നലെ വരെ ഇത് പബ്ലിക് ആക്കുവാൻ എനിക്ക് താത്പര്യമില്ലായിരുന്നു. മാധ്യമങ്ങൾ ഇന്നലെ എന്നെ സമീപിച്ചപ്പോൾ കുടുംബത്തിനുള്ളിൽ തന്നെ ഒത്തുത്തീർപ്പാക്കട്ടെ എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ചിലരൊക്കെ പ്രതികരണവുമായി മുന്നോട്ടു വന്നപ്പോൾ എന്റെ ഭാഗവും കൂടി പറയണമെന്ന് തോന്നി. ഒരു പ്രഭാകരൻ പിള്ള വിൽപത്രം എടുത്തുകാണിച്ചുക്കൊണ്ട് കുറെ കള്ളങ്ങൾ പറയുന്നുണ്ട്. അതെല്ലാം പച്ച കള്ളമാണ്. അദ്ദേഹത്തെയാണ് അച്ഛൻ വിശ്വസിച്ച് വിൽപത്രത്തിന്റെ കോപ്പി കൊടുത്തിരുന്നത്.

രണ്ട് മൂന്ന് വർഷത്തിന് മുൻപ് ഒരു രജിസ്റ്റേർഡ് വിൽപത്രമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ആ വിൽപത്രത്തിന്റെ കോപ്പിയെടുത്ത് പ്രഭാകരൻ പിള്ള പരസ്യമാക്കുകയാണ് ചെയ്തത്. അങ്ങനെ അത് കാൻസൽ ചെയ്യേണ്ടി വന്നു. ഗണേഷിന്റെ സമ്മർദ്ദം കൊണ്ടാണ് ആ വിൽപത്രം കാൻസൽ ചെയ്തത്. രണ്ടാമത് അച്ഛൻ എഴുതിയിരിക്കുന്ന വിൽപത്രമാണ് ഇപ്പോൾ മാധ്യമങ്ങളിൽ കാണുന്നത്. പക്ഷെ എന്റെ അഭിപ്രായത്തിൽ അച്ഛൻ അങ്ങനെയൊരു വിൽപത്രം എഴുതില്ല. അവിടെ ഒരു ഫൗൾ പ്ലേ നടന്നിട്ടുണ്ട്. അച്ഛന്റെ മുഴുവൻ സ്വത്തുക്കളും ഗണേശനും ഇളയ സഹോദരി ബിന്ദുവും കൂടി വിഭജിച്ച് എടുത്തിരിക്കുകയാണ്. അതിലൊരു അഞ്ച് സെന്റ്‌ സ്ഥലം പോലും എനിക്ക് തന്നിട്ടില്ല.

വർഷങ്ങൾക്ക് മുൻപ് എന്റെ'അമ്മ എനിക്ക് തന്ന എസ്റ്റേറ്റ് ഈ വിൽപത്രത്തിൽ ആഡ് ചെയ്തുകൊണ്ടാണ് അവർ പറയുന്നത്. വിൽപത്രം വെറുതെ പൊക്കിക്കാണിച്ചത് കൊണ്ട് കാര്യമില്ല. അതിന്റെ ഡീറ്റൈൽസിലേക്ക് പോകുമ്പോഴാണ് കാര്യം മനസ്സിലാകുന്നത്. എനിക്കെതിരെ നടന്നത് അന്യായവും ക്രൂരവുമായ നടപടി ആയത് കൊണ്ടാണ് ഞാൻ പ്രതികരിച്ചത്. ഞാൻ നിയമപരമായി നേരിടാനാണ് ഉദ്ദേശിക്കുന്നത്. പിന്നെ ഒരുപാട് കാര്യ്ങ്ങൾ ഇതിന്റെയൊക്കെ പിന്നിൽ നടന്നിട്ടുണ്ട്. അതൊക്കെ പബ്ലിക് ആക്കുവാൻ എനിക്ക് താത്പര്യമില്ല.

ആദ്യത്തെ വില്പത്രവുമായി യാതൊരു ബന്ധമില്ലാത്ത രീതിയിലാണ് രണ്ടാമത്തെ വിൽപത്രം വന്നിരിക്കുന്നത്. അവസാന നാളുകളിൽ ഹൗസ് അറസ്റ്റ്‌ പോലെയായിരുന്നു അച്ഛന്റെ ജീവിതം. അച്ഛന്റെ കൂടെയുണ്ടായിരുന്ന പ്രഭാകരൻ നായർ വിശ്വസ്തനല്ല. പ്രഭാകരൻ നായരാണ് വിൽപത്രത്തിൽ തിരിമറി നടത്താനായുള്ള സഹായങ്ങൾ ചെയ്തത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങളെ കുറിച്ച് ഇപ്പോൾ ഞാൻ പ്രതികരിക്കുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in