സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കരുത്, സാക്ഷി പറഞ്ഞ മാധ്യമ പ്രവർത്തകന്റെ ജീവന് ഭീഷണിയുണ്ട് : യു.പി സർക്കാർ

സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കരുത്, സാക്ഷി പറഞ്ഞ മാധ്യമ പ്രവർത്തകന്റെ ജീവന് ഭീഷണിയുണ്ട് : യു.പി സർക്കാർ
Published on

കഴിഞ്ഞ രണ്ടു വർഷമായി വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കരുതെന്ന് യു.പി സർക്കാർ. നേരത്തെ തന്നെ സിദ്ദിഖ് കാപ്പനെതിരെ സാക്ഷി പറഞ്ഞതിന്റെ പേരിൽ ഒരു മലയാളി മാധ്യമ പ്രവർത്തകനു നേരെ വധഭീഷണിയുണ്ടെന്നും, സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചാൽ ആ മാധ്യമ പ്രവർത്തകന്റെ ജീവൻ അപകടത്തിലാകുമെന്നും യു.പി സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. രാജ്യവ്യാപകമായി വർഗീയ കലാപം നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

സിദ്ദിഖ് കാപ്പനെതിരായി സാക്ഷി പറഞ്ഞ മാധ്യപ്രവർത്തകരുടെ ജീവന് ഭീഷണിയുണ്ട്, അതിൽ ഒരാൾ ബീഹാറിൽ താമസിക്കുന്ന ആളാണെന്നും, ജീവന് ഭീഷണിയുള്ളതുകൊണ്ട് ഈ മാധ്യമ പ്രവർത്തകൻ മൊഴി നേരിട്ട് നൽകാതെ, ഇ മെയിൽ വഴിയാണ് നൽകിയത്. ഈ മൊഴിയുടെ പകർപ്പ് പിന്നീട് സിദ്ദിഖ് കാപ്പനും, ഭാര്യയുമുൾപ്പെടെയുള്ളവർ പുറത്തുവിട്ടുവെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. സിദ്ദിഖ് കാപ്പൻ വസ്തുതകൾ മറച്ചുവച്ചെന്നും, ഇലക്ട്രോണിക് തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു എന്നും, മാധ്യമ പ്രവർത്തനം പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ ഒരു മറയായി ഉപയോഗിക്കുകയായിരുന്നു എന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

ഹത്രാസിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടപ്പോൾ സംഭവ സ്ഥലം സന്ദർശിക്കാൻ ഡൽഹിയിൽ നിന്നും യു.പി യിലേക്ക് പോകുന്ന വഴിയിൽ വച്ചായിരുന്നു സിദ്ദിഖ് കാപ്പൻ അറസ്റ്റ് ചെയ്യപ്പെട്ടത്. പോപ്പുലർ ഫ്രണ്ടിന്റെ പ്രതിനിധിയായി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് സിദ്ദിഖ് കാപ്പൻ യു.പി യിലേക്ക് പോയത് എന്നാണ് സർക്കാരിന്റെ വാദം.

സിദ്ദിഖ് കാപ്പന് എതിരായ മൊഴി പിൻവലിക്കാൻ തനിക്ക് സമ്മർദ്ദമുണ്ടെന്നു കാണിച്ച് മാധ്യമ പ്രവർത്തകൻ ഡി.ജി.പി ക്ക് അയച്ച മയിലിന്റെ പകർപ്പും സർക്കാർ സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ചു. സിദ്ദിഖ് കാപ്പന് മുതിർന്ന പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമുണ്ടെന്നും, അത് തെളിയിക്കാനുള്ള വാട്സപ്പ് ചാറ്റുകളുണ്ടെന്നും, സർക്കാർ അവകാശപ്പെടുന്നു. 2020 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സിദ്ദിഖ്‌കാപ്പന്റെ അക്കൗണ്ടിലേക്കു വന്ന 45 ,000 രൂപയുടെ ഉറവിടം കാണിക്കാൻ സിദ്ദിഖ് കാപ്പന് ഇപ്പോഴും സാധിച്ചിട്ടില്ല എന്നും യു.പി സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.

രണ്ടു വർഷത്തിലധികമായി വിചാരണ ആരംഭിക്കാതെ, ജാമ്യം നൽകാതെ സിദ്ദിഖ് കാപ്പനെ ജയിലിൽ അടച്ചരിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്തിൻറെ പലഭാഗത്തു നിന്നും ഉയർന്നിരുന്നു.

ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in